രേഖയില്ലാത്ത ഭൂമി വിൽക്കാൻ സഹായിച്ചെന്ന് പി ടി തോമസ്
അഡ്മിൻ
കൊച്ചിയിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി പറയാൻ വിളിച്ചിച്ചേർത്ത പത്ര സമ്മേളനത്തിൽ രേഖയില്ലാത്ത ഭൂമി വിൽക്കാൻ സഹായിച്ചു എന്ന് ഏറ്റുപറഞ്ഞ് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ആദായ നികുതി വകുപ്പ് പിടികൂടിയത് കള്ളപ്പണമാണെങ്കില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും പി ടി തോമസ് പറഞ്ഞു. കള്ളപ്പണം പിടിക്കല്‍ തന്റെ പണിയല്ല. ഭൂമി തര്‍ക്കം പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. ഇടപാട് സമയത്ത് രണ്ട് ബാഗുകളില്‍ പണമുണ്ടായിരുന്നു. എന്നാല്‍ അത് കള്ളപ്പണമാണെങ്കില്‍ ബാഗിന്റെ ഉടമസ്ഥനെയാണ് പിടിക്കേണ്ടത് എന്ന് എംഎല്‍എ പറഞ്ഞു.
മൂന്ന് സെന്റ് പുറമ്പോക്ക് ഭൂമിയിൽ കുടികിടക്കുന്ന കുടുംബത്തെ ഒഴിപ്പിച്ചെടുക്കാൻ വേണ്ടി സുഹൃത്തും വൻകിട മുതലാളിയുമായ രാമകൃഷ്ണന് വേണ്ടിയാണ് പി ടി തോമസ് ഇടപെട്ടത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. കുടികിടപ്പുകാർക്ക് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് യാതൊരു രേഖയുമില്ലാത്തതിനാൽ നിയമപരമായ വിൽപന നടക്കില്ല. എറണാകുളം ഇടപ്പള്ളിയിൽ മൂന്ന് കോടിയെങ്കിലും മൂല്യമുള്ള സ്ഥലം ചുളുവിലയ്ക്ക് തട്ടിയെടുക്കാനുള്ള രാമകൃഷ്ണന്റെ അജണ്ടയ്ക്ക് എം എൽ എ കൂട്ടുനിൽക്കുകയായിരുന്നു. രേഖയില്ലാത്തതിനാൽ കുടികിടപ്പുകാർക്ക് യഥാർത്ഥ വില നൽകാതെ ചുളുവിലയ്ക്ക് ഭൂമി കച്ചവടമാക്കിയാൽ പി ടി തോമസിന് ലക്ഷങ്ങൾ കമ്മീഷൻ നൽകുമെന്നായിരുന്നു വാഗ്‌ദാനം. സംഭവത്തിൽ ഇടനിലക്കാരനാവാൻ രാമകൃഷ്ണൻ ലക്ഷങ്ങളാണ് പി ടി തോമസിന് നൽകിയതെന്നും അത് തിരികെ നൽകാനായി എം എൽ എയെ സമീപിച്ചു എന്നും പറയപ്പെടുന്നുണ്ട്.
പി ടി തോമസ് എം എൽ എ കള്ളപ്പണം വാങ്ങുന്നത് മനസിലാക്കിയ എതിർഗ്രൂപ്പുകാരാണ് ഇൻകംടാക്സ് ഉദ്യോഗസ്ഥർക്ക് വിവരം ചോർത്തി നൽകിയത് എന്നാണ് എം എൽ എയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. മൂന്നുകോടിയിലേറെ വില ലഭിക്കുന്ന സ്ഥലം എൺപത് ലക്ഷം രൂപയ്ക്ക് കച്ചവടം നടത്താൻ എം എൽ എ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉയരുന്നുണ്ട്. അനധികൃതമായി അഞ്ഞൂറുരൂപ മുദ്രപ്പത്രത്തിൽ കരാർ എഴുതിയതും രാമകൃഷ്ണന്റെ രണ്ടുബാഗുകളിൽ കള്ളപ്പണമാണെന്ന് മനസ്സിലാക്കിയിട്ടും ഇടപാടുകൾ നടത്താൻ തയ്യാറായതും ഇൻകം ടാക്സുകാർ വന്നപ്പോൾ ദുരൂഹമായ രീതിയിൽ സംഭവസ്ഥലത്ത് നിന്ന് മുങ്ങിയതും എം എൽ എ തന്നെ പത്രസമ്മേളനത്തിൽ തുറന്നുപറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ഇൻകം ടാക്സുകാർ വന്നപ്പോൾ താൻ ഓടിപ്പോയില്ല എന്നും ഒരു എം എൽ എയുടെ ആത്മാഭിമാനം കളയാതെ നടന്നാണ് പോയതെന്നും പി ടി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാധ്യമ പ്രവർത്തകർക്ക് മുന്നിൽ നിയമവിരുദ്ധ പ്രവർത്തികൾ ഏറ്റുപറഞ്ഞ എൽ എൽ എയ്‌ക്കെതിരെ സംസ്ഥാന സർക്കാർ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.