കള്ളപ്പണ ഇടപാടിലൂടെ പി ടി തോമസ് ശ്രമിച്ചത് കമ്യൂണിസ്റ്റ് കുടുംബത്തെ ചതിക്കാൻ

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയായ  കമ്യൂണിസ്റ്റുകാരന്റെ കുടുംബത്തെ സഹായിക്കാനാണ് ഭൂമി വിൽപ്പനയ്ക്ക് മധ്യസ്ഥത വഹിച്ചതെന്ന് പറയുന്ന തൃക്കാക്കര എം എൽ എ പി ടി തോമസ്, ആ കുടുംബത്തെ ചതിക്കാനും അവർക്ക് പണം കിട്ടാതിരിക്കാനും വേണ്ടിയാണ് ഇടപെടൽ നടത്തിയത് എന്നതിന്റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവന്നു.

പി ടി തോമസിന്റെ നിരവധി ഇടപാടുകളില്‍ പങ്കാളിയായ വെണ്ണല സ്വദേശി രാമകൃഷ്ണന് വേണ്ടിയാണ് ഭൂമി ഇടപാടില്‍ എം എല്‍ എ ഇടപെട്ടത്. കമ്യൂണിസ്റ്റ് കുടുംബത്തിന്റെ അധീനതയിലുള്ള ഭൂമി ആയതിനാല്‍ അവര്‍ക്ക് പണം നല്‍കാതെ ഏതെങ്കിലും വിധത്തില്‍ ഭൂമി കൈവശപ്പെടുത്താനാണ് എം എല്‍ എ രാമകൃഷ്ണനോട് നിര്‍ദേശിച്ചത്. എന്നാല്‍, നേരത്തെ തന്നെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വേണ്ടി ഇടപെട്ടതുകൊണ്ടാണ് പി ടി തോമസിന്റെയും രാമകൃഷ്ണന്റെയും ഗൂഡാലോചന നടക്കാതെ പോയത്.

നേരത്തെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ ഇടപെട്ട് ഉറപ്പിച്ച ഒരു കോടി മൂന്ന് ലക്ഷം എന്ന കരാര്‍, രേഖകളില്ലാത്ത ഭൂമിക്ക് വില ലഭിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പി ടി തോമസ് എം എല്‍ എ എണ്‍പത് ലക്ഷം രൂപയാക്കി കുറപ്പിച്ചത്. ഇനിയും നേരം വൈകിപ്പിച്ചാല്‍ പണം കുറയുമെന്നും പി ടി തോമസ് കുടുംബത്തോട് പറഞ്ഞു. അതിനാലാണ് വിലപേശലിന് നില്‍ക്കാതെ പി ടി തോമസ് പറഞ്ഞ വിലക്ക് ഭൂമി കൈമാറാന്‍ വീട്ടുകാര്‍ തയ്യാറായത്.

പരേതനായ ദിനേശന്റെ കുടുംബം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി താമസിക്കുന്ന ഭൂമിയടക്കമുള്ള രണ്ടേക്കറോളം ഭൂമി രാമകൃഷ്ണന്‍ 15 വര്‍ഷം മുമ്പ് വാങ്ങിയിരുന്നു. നേരത്തെ ഈ ഭൂമിയില്‍ നിന്നും ഒഴിയാനായി ഒന്നരക്കോടി രൂപ തരാമെന്ന് രാമകൃഷ്ണൻ ആ കുടുംബത്തിന് വാക്കുനല്‍കിയതുമാണ്. തുച്ഛമായ തുക നല്‍കി കുടുംബത്തെ ഒഴിപ്പിച്ചെടുക്കാനുള്ള ബുദ്ധി രാമകൃഷ്ണന് ഉപദേശിച്ചുകൊടുത്തത് പി ടി തോമസ് എം എല്‍ എയാണ്. അതിന്റെ ഭാഗമായാണ് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഇടപെട്ട് ഉറപ്പിച്ച ഒരുകോടി മൂന്ന് ലക്ഷം രൂപ 80 ലക്ഷമായി കുറപ്പിച്ചത്.

ബാങ്കുവഴി പണം നല്‍കണമെന്ന ധാരണയും ലംഘിക്കാന്‍ രാമകൃഷ്ണന് ഉപദേശം നല്‍കിയത് എം എല്‍ എയാണെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വെണ്ണല കോ ഓപ്പറേറ്റീവ് ബാങ്കില്‍ രാമകൃഷ്ണനുള്ള അക്കൗണ്ട് വഴി ചെക്ക് നല്‍കണമെന്ന് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പറഞ്ഞപ്പോള്‍ പണമായി നല്‍കിയാല്‍ മതിയെന്ന വാശിയിലാണ് പി ടി തോമസ് നിന്നത്.

പി ടി തോമസിന്റെ ധൃതിപിടിച്ച ഇടപാടുകളും ദിനേശന്റെ വീട്ടില്‍ നിന്ന് ധൃതിപിടിച്ച് മടങ്ങിയതും വഴിയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ വസ്തുതകള്‍ വിശദീകരിക്കാതെ പോയ്ക്കളഞ്ഞതും സംശയാസ്പദമാണ്. 80 ലക്ഷം രൂപ കൊണ്ടുവന്നിട്ടുണ്ടെന്ന് പി ടി തോമസും രാമകൃഷ്ണനും ദിനേശന്റെ കുടുംബാംഗങ്ങളോട് പറഞ്ഞെങ്കിലും രാമകൃഷ്ണന്റെ കൈയ്യില്‍ 40 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി 40 ലക്ഷം രൂപ എം എല്‍ എ കൊണ്ടുപോയെന്നാണ് വീട്ടുകാരും നാട്ടുകാരും സംശയിക്കുന്നത്.

ബാങ്ക് വഴി പണം നല്‍കാതെ കണക്കില്‍പ്പെടാത്ത പണം നല്‍കിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുവന്നതിന് പിന്നിലും പി ടി തോമസ് എം എല്‍ എ തന്നെയാണെന്നാണ് ദിനേശന്റെ കുടുംബം വിശ്വസിക്കുന്നത്. ഇടപാടുകള്‍ നടന്ന് എം എല്‍ എയും രാമകൃഷ്ണനും പോയ ഉടന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം തേടി വന്നാല്‍ കുടുംബത്തിന് ലഭിച്ച പണം ഇല്ലാതാവുന്ന അവസ്ഥയാണ് സംജാതമാവുക. അതിനാണ് എം എല്‍ എ ശ്രമിച്ചതെന്നാണ് പറയപ്പെടുന്നത്.

പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബം കള്ളപ്പണവുമായി പിടിയിലാവുമ്പോള്‍ അവര്‍ക്കെതിരെ പത്രസമ്മേളനം നടത്താനുള്ള തയ്യാറെടുപ്പുകൂടി പി ടി തോമസ് നടത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

എറണാകുളത്ത് നടക്കുന്ന റിയല്‍ എസ്‌റ്റേറ്റ് , കള്ളപ്പണ ഇടപാടുകള്‍ക്കുപിന്നിലുള്ള കറുത്തകരങ്ങള്‍ പി ടി തോമസ് എം എല്‍ എയുടേതുകൂടിയാണെന്ന് തെളിയുന്ന വസ്തുതകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. കള്ളപ്പണ ഇടപാടില്‍ പി ടി തോമസ് എം എല്‍ എയില്‍ നിന്നും കെ പി സി സി വിശദീകരണം ചോദിക്കണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്.


10-Oct-2020