സ്വപ്നയുടെ ബാങ്കിലുള്ള ഒരുകോടി ലൈഫ്‌മിഷൻ കമ്മീഷനല്ല

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച് കസ്റ്റംസിന് നിർണായക മൊഴി നൽകി.  ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്നും സ്വർണക്കടത്തിലൂടെ ലഭിച്ച തുകയാണെന്നും സന്ദീപ് നായർ കസ്റ്റംസിനോട്  വ്യക്തമാക്കി.

പിടിയിലാകുന്നതിന് മുൻപുള്ള സ്വർണക്കടത്തിന് ലഭിച്ച വിഹിതമാണിത്. ഈ പണം വീതം വയ്ക്കുന്നതിനെ തുർന്ന് സ്വപ്‌നയുമായി തർക്കമുണ്ടായി. വേണ്ടപ്പെട്ടവർക്ക് കൊടുക്കാനുള്ള പണമാണിതെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും സന്ദീപ് കസ്റ്റംസിനോട് വെളിപ്പെടുത്തി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ നിർണായക വിവരങ്ങൾ നൽകിയത്.

സ്വപ്‌ന സുരേഷിന്റെ പേരിലുള്ള ബാങ്ക് ലോക്കറിൽ നടന്ന പരിശോധനയിൽ ഒരു കോടി രൂപയും സ്വർണവും കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുകയാണെന്നാണ് സ്വപ്‍ന മൊഴിനൽകിയത്. സ്വപ്നയുടെ മൊഴിയെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ ലൈഫ് മിഷനിൽ അഴിമതിയെന്ന് സ്ഥാപിക്കാൻ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. പ്രതിപക്ഷവും ബി ജെ പിയും സ്വപ്നയുടെ മൊഴി ഏറ്റെടുത്ത് സമരത്തിലേക്ക് ഇറങ്ങിയിരുന്നു.

പ്രതിപക്ഷ സമരത്തെ തുടർന്ന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണം നിർത്തിവെച്ചിരുന്നു. 140 ഭാവന രഹിതരുടെ സ്വന്തം വീടെന്ന സ്വപ്നമാണ് ഇതിലൂടെ പ്രതിപക്ഷവും ബി ജെ പിയും ഇല്ലാതാക്കിയത്.

11-Oct-2020