പി ടി തോമസ് കൂടുതൽ കുരുക്കിലേക്ക്
അഡ്മിൻ
ഇടപ്പള്ളിയിലെ പാവപ്പെട്ട കുടുംബത്തിന്റെ ഭൂമി തട്ടിപ്പറിക്കാൻ ഉറ്റസുഹൃത്തും റിയൽ എസ്‌റ്റേറ്റുകാരനുമായ വി എസ് രാമകൃഷ്ണനോടൊപ്പം പി ടി തോമസ് എംഎൽഎ ഗൂഢാലോചന നടത്തിയതായി സൂചനകൾ. 1998 ൽസമവായത്തിലൂടെ ഉണ്ടാക്കിയ കരാർ റദ്ദ് ചെയ്ത് കുറഞ്ഞ വിലക്ക് ഭൂമി സ്വന്തമാക്കാൻ രാമകൃഷ്ണന് ബുദ്ധി ഉപദേശിച്ചത് പി ടി തോമസ് ആണ്. 98 ൽ ഉണ്ടാക്കിയ കരാർ 1 .35 കോടി മതിപ്പു വരുന്ന ധാരണയായിരുന്നു. അത് 80 ലക്ഷമായി കുറക്കാനുള്ള ഇടപെടൽ നടത്താൻ എം എൽ എയ്ക്ക് ഉറ്റ സുഹൃത്തുകൂടിയായ രാമകൃഷ്ണൻ പണം നൽകിയെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. രാമകൃഷ്ണനിൽ നിന്നും ആദ്യഗഡുവായി 10 ലക്ഷം രൂപ കൈപ്പറ്റിയാണ് പി ടി തോമസ് എം എൽ എ ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് എന്ന സൂചനയാണ് പുറത്തുവരുന്നത്.
നിലവിൽ താമസിക്കുന്ന സ്ഥലത്തുനിന്നും കുടിയൊഴിയുമ്പോൾ വേറൊരു പ്രദേശത്ത് നാല് സെന്റ് സ്ഥലവും കെട്ടിടവും നൽകാമെന്ന് 1998ൽ ചാരോത്ത് ദിനേശന് രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ആ കരാറാണ് ഇപ്പോൾ പി ടി തോമസ് റദ്ദ് ചെയ്തത്. അതിലൂടെ 55 ലക്ഷം രൂപയുടെ ലാഭമാണ് രാമകൃഷ്ണന് ലഭിച്ചത്. തന്റെ എം എൽ എ പദവി നിമിത്തമുള്ള അപ്രമാദിത്വത്തിലൂടെ പാവപ്പെട്ട കുടുംബത്തിനെ സമ്മർദ്ദത്തിലാക്കിയാണ് പി ടി തോമസ് എം എൽ എ കുറഞ്ഞ തുകയ്ക്ക് ഭൂമി കൈമാറ്റം ചെയ്യാൻ ധാരണയുണ്ടാക്കി അവിടെയുള്ള എടുപ്പുകൾ ഇടിച്ചു കളയാൻ ജെ സി ബിയുമായി വന്നത്.
1998 ജൂലൈ മൂന്നിലെ കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിലായിരുന്നു. ഇടപ്പള്ളി തെക്ക് വില്ലേജിൽ സർവേ നമ്പർ 147/ 5 ബിയിൽപ്പെട്ട നാല് സെന്റ് സ്ഥലവും കെട്ടിടവും ദിനേശനും കുടുംബവും ഒഴിയാൻ തയ്യാറായതിനെ തുടർന്നായിരുന്നു ആ കരാർ എഴുതിയുണ്ടാക്കിയത്. കണ്ണന്തോടത്തു കുടുംബത്തിൽനിന്ന് ഈ സർവേ നമ്പർ ഉൾപ്പെടുന്ന രണ്ടേക്കറോളം സ്ഥലം രാമകൃഷ്‌ണൻ തീറുവാങ്ങിയെന്നും കരാറിൽ പറയുന്നുണ്ട്. കരാറിലെ ഒന്നാമത്തെ വ്യവസ്ഥ; ഒന്നാംപാർട്ടി (വി എസ് രാമകൃഷ്‌ണൻ) കണ്ണന്തോടത്തു തറവാട്ടിൽനിന്ന് തീറുവാങ്ങുന്ന സ്ഥലത്തിൽപ്പെട്ട സർവേ നമ്പർ 147/ 3എയിൽ റോഡരികിൽ നാല് സെന്റ് സ്ഥലം രണ്ടാംപാർട്ടി (ദിനേശൻ)യുടെ പേരിൽ വില കൂടാതെ ആധാരം രജിസ്‌റ്ററാക്കി കൊടുത്തുകൊള്ളാമെന്ന് ഒന്നാംപാർട്ടി സമ്മതിച്ചിരിക്കുന്നു എന്നാണ്. രണ്ടാമത്തെ വ്യവസ്ഥയിൽ പകരം നൽകുന്ന സ്ഥലത്ത് ദിനേശന്റെ കെട്ടിടത്തിന് സമാനമായ കെട്ടിടം രാമകൃഷ്‌ണൻ നിർമിച്ച് നൽകുമെന്ന് പറയുന്നു. അപ്പോൾമാത്രം കൈവശമുള്ള സ്ഥലവും കെട്ടിടവും ഒഴിഞ്ഞാൽ മതിയെന്നും വ്യവസ്ഥയിലുണ്ട്. രണ്ട് സാക്ഷികൾ മുമ്പാകെ ഒപ്പിട്ട കരാറിലെ സാമ്പത്തിക ബാധ്യതകളിൽനിന്ന് രാമകൃഷ്‌ണനെ ഒഴിവാക്കി നൽകാമെന്നായിരുന്നു പി ടി തോമസ് രാമകൃഷ്ണന് നൽകിയ ഉറപ്പ്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ കള്ളപ്പണ ഇടപാടിലൂടെയുള്ള ഭൂമി കൈയേൽക്കൽ ശ്രമം.
പാവപ്പെട്ട കുടുംബത്തിന്റെ ഭൂമിക്ക് മൂന്നുകോടിയോളം മതിപ്പ് വില വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആ ഭൂമിക്ക് 1.35 കോടി രൂപവരെ നൽകാൻ നേരത്തെ രാമകൃഷ്‌ണൻ തയ്യാറായിരുന്നു. പിന്നീടത് ഒരുകോടി മൂന്നു ലക്ഷമായി ധാരണയാക്കി. അതിനെയൊക്കെ അട്ടിമറിച്ചാണ് പി ടി തോമസ് എം എൽ എയുടെ കരാർ. 80 ലക്ഷമായി തുക കുറച്ചതും 40 ലക്ഷം നൽകി മുങ്ങാൻ നോക്കിയതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വന്നതുമൊക്കെ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. വിഷയത്തിൽ കെ പി സി സി ഇടപെടുമെന്നാണ് സൂചനകൾ.
11-Oct-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ