യു എ ഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർക്കാൻ നിയമപരമായ സാധുതയില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു എന്ന് കസ്റ്റംസ് വൃത്തങ്ങളിൽ നിന്നും സൂചനകൾ ലഭിച്ചു.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മറുപടികൾ സുവ്യക്തമാണ്. ഇനി എന്തെങ്കിലും കാര്യത്തിൽ വ്യക്തത വരുത്തണമെന്നുണ്ടെങ്കിൽ അദ്ദേഹം കസ്റ്റംസിനെ സമീപിക്കാനും തയ്യാറാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസം കസ്റ്റംസ് തുടർച്ചയായി ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണക്കടത്തിന് പുറമേ യു എ ഇ കോൺസുലേറ്റ് ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം ചെയ് കാര്യത്തിലുള്ള ചില സംശയങ്ങളും കസ്റ്റംസ് ചോദ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രതികളുടെ മൊഴികളിൽ ചിലതെല്ലാം കെട്ടിച്ചമച്ചതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ശിവശങ്കർ വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ബാക്കിയുള്ള സംശയങ്ങൾ ദൂരീകരിക്കാൻ വരുന്ന ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷവും ആവശ്യമെങ്കിൽ ശിവശങ്കറെ വിളിച്ചുവരുത്തും.