കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ ഉണ്ടായ ഖുശ്ബുവിന്റെ കാലുമാറ്റം പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതോടെ ഖുശ്ബുവിന് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത നഷ്ടമായമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കെയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ ഉണ്ടായ ഖുശ്ബുവിന്റെ ഭാഗത്ത് നിന്നുള്ള നടപടി നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഇത് തമിഴ്നാട് രാഷ്ട്രീയത്തെ ബാധിക്കില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി സംസ്ഥാനത്ത് സ്വയം പ്രവര്‍ത്തിക്കുകയാണെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.കേവലം ഒരാഴ്ച മുമ്പ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചിരുന്ന ആളാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ പോയി അംഗത്വമെടുത്തിരിക്കുന്നതെന്നും ഗുണ്ടു റാവു പരിഹസിച്ചു.