ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല: നിയമനങ്ങൾക്ക് ഗവര്‍ണറുടെ അനുമതി
അഡ്മിൻ
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളത്തിന്റെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ നിയമനങ്ങള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കി. വൈസ് ചാൻസലർ, പ്രൊ വൈസ്ചാൻസലർ, രജിസ്ട്രാർ നിയമനങ്ങൾക്കാണ് ഗവർണർ അനുമതി നൽകിയത്. ഡോ. പി എം. മുബാറക് പാഷയെ വൈസ് ചാൻസലറായും ഡോ. എസ്.വി സുധീർ, ഡോ. പി.എൻ. ദിലീപ് എന്നിവർ യഥാക്രമം പ്രോ - വൈസ് ചാൻസലർ, രജിസ്ട്രാർ തസ്തികളിലും നിയമിതരാകും.
ഇവരുടെ നിയമനങ്ങൾ സംബന്ധിച്ച് ഗവർണറോട് ശുപാർശ ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ പ്രധാന നടപടികൾ പൂർത്തിയായി. ഇനി ഉത്തരവ് ഇറങ്ങിയാലുടൻ ഇവർ ചുമതലയേൽക്കും. നേരത്തേ കാലിക്കട്ട് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായും ഫാറൂഖ് കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുള്ള ഡോ. പി.എം. മുബാറക് പാഷ ഒമാൻ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവിയായിരുന്നു.
അതേസമയം, പ്രോ - വൈസ് ചാൻസലറാകുന്ന ഡോ. എസ്.വി. സുധീർ കേരള സർവകലാശാലയുടെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടറാണ്. നേരത്തേ വിവിധ എസ്.എൻ കോളേജുകളിൽ ഒമ്പത് വർഷം പ്രിൻസിപ്പലായിരുന്നു. കേരള സർവകലാശാല പരീക്ഷാ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ രജിസ്ട്രാറായി നിയമിതനായ ഡോ. പി.എൻ. ദിലീപ് കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസറാണ്. 29 വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്.