ആന്ധ്രാ പ്രദേശ്‌: നിയമനിർമാണ സഭയും നീതിന്യായ സംവിധാനവും ഏറ്റുമുട്ടുമ്പോള്‍

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച്‌ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്‌ജി ജസ്‌റ്റിസ്‌ എൻ വി രമണയ്‌ക്ക്‌‌ എതിരായി ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് വഴിതുറക്കുന്നത്‌ സങ്കീർണമായ നിയമപ്രശ്‌നങ്ങളിലേക്ക്.‌ കാരണം, ഭരണഘടനാപദവി വഹിക്കുന്ന ഒരു വ്യക്തി സമാനമായ പദവി വഹിക്കുന്ന മറ്റൊരു വ്യക്തിക്ക്‌ എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ എന്ത്‌ തുടർനടപടിയാകും ഉണ്ടാകുക എന്നതാണ് ഇപ്പോഴത്തെ ആകാംക്ഷ‌.

ഈ കത്ത് കേവലം ഒരു വിവാദം എന്നതിന് അപ്പുറം നിയമനിർമാണ സഭയും നീതിന്യായ സംവിധാനവും തമ്മിലുള്ള ഏറ്റുമുട്ടലായി വളരാതിരിക്കണമെങ്കിൽ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ കൈക്കൊള്ളുന്ന അന്തിമ തീരുമാനം വളരെ നിര്‍ണ്ണായകമാണ്. ഇതിനോടകം തന്നെ ജഗൻമോഹൻ നൽകിയ കത്ത്‌ ചീഫ്‌ജസ്‌റ്റിസ്‌ മുഴുവൻ ജഡ്‌ജിമാരുടെയും പരിഗണനയ്‌ക്ക്‌ വിടണമെന്ന്‌ സുപ്രീംകോടതി അഭിഭാഷകരിൽ ചിലർ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

ഇത് വെറും ഒരു അഭിപ്രായം മാത്രമല്ല. സിറ്റിങ്‌ ജഡ്‌ജിമാർക്ക്‌ എതിരായ ആരോപണങ്ങൾ ഫുൾകോർട്ട്‌ പരിഗണനയ്‌ക്ക്‌ വിടണമെന്ന്‌ സുപ്രീംകോടതി അംഗീകരിച്ച പെരുമാറ്റച്ചട്ടത്തിലും വ്യവസ്ഥയുണ്ട് എന്നതാണ് കാര്യം‌. പക്ഷെ നേരത്തേ, സമാനമായി മുൻ ചീഫ്‌ജസ്‌റ്റിസുമാരായ ദീപക്‌മിശ്രയ്‌ക്കും രഞ്‌ജൻഗൊഗോയ്‌ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ ഈ മാതൃക സുപ്രീംകോടതി പിന്തുടർന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയുടെ കത്ത് പരിഗണിക്കുന്ന ചീഫ്‌ജസ്‌റ്റിസിന്‌ ഉചിതമെന്ന്‌ തോന്നിയാൽ‌ ജഗന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ സിറ്റിങ്‌ ജഡ്‌ജിമാരുടെ സമിതി രൂപീകരിക്കാം എന്നതാണ് ഒരു സാധ്യത. നിലവിലെ സീനിയോറിറ്റി പ്രകാരം ഏപ്രിലിൽ ജസ്‌റ്റിസ്‌ രമണ ചീഫ്‌ജസ്‌റ്റിസ്‌ ആകേണ്ടയാളായതിനാൽ ഇതിനു സാധ്യതയുണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നതും‌. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എന്നിരുന്നാലും ജഡ്‌ജിക്ക്‌ എതിരായ ആരോപണങ്ങൾ വാർത്താസമ്മേളനം നടത്തി പരസ്യപ്പെടുത്തിയ ജഗൻമോഹൻറെഡ്ഡിക്ക്‌ എതിരെ കോടതിയലക്ഷ്യം ഉൾപ്പെടെ നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ട്.

13-Oct-2020