വെള്ളാപ്പള്ളിക്കെതിരെ പടവാളോങ്ങി ലീഗ് മുഖപത്രം ചന്ദ്രിക

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വി.സിയായി മുബാറക് പാഷയെ നിയമിച്ചതിനെതിരേ വെള്ളാപ്പള്ളി നടത്തിയ പ്രതികരണത്തെ വിമർശിച്ച് ലീഗ് മുഖപത്രം ചന്ദ്രിക.
ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളെ വക്രീകരിച്ച് നേരത്തേയും സ്വർഥ സാമ്പത്തിക നേട്ടങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ളയാളാണ് വെള്ളാപ്പള്ളി നടേശനെന്നും നേരത്തെ കൊണ്ടുനടക്കുന്ന വർഗീയതയുടെയും ഇസ്‍ലാം വിരുദ്ധതയുടെയും പ്രശ്നമാണ് പ്രസ്താവനക്ക് പിന്നിലെന്നും വെള്ളാപ്പള്ളി നടത്തുന്നത് ഗുരു നിഷേധമാണെന്നും ചന്ദ്രിക മുഖപ്രസംഗത്തില്‍ എഴുതി.

ശ്രീനാരായണ ഗുരുവിന്‍റെ മഹത്വം വരും തലമുറയിലേക്ക് കൂടി സന്നിവേശിപ്പിക്കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം. അത് മനസ്സിലാക്കാതെ, ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള സര്‍വകലാശാലയുടെ വിസി നാരായണഗുരുവിന്‍റെ സമുദായത്തില്‍ പിറന്ന ആളാകണമെന്ന് വാദിക്കുന്നത് ബാലിശമാണെന്നേ പറയേണ്ടതുള്ളുവെന്ന് ലേഖനത്തില്‍ പറയുന്നു.

ഇതേവരെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് മാത്രമാണ് മുസ്‍ലിം സമുദായത്തില്‍ നിന്ന് വിസിമാരുണ്ടായിട്ടുള്ളത്. എന്നാല്‍ ഇതരസമുദായക്കാരും അവിടെ വിസിമാര്‍ ആയിരുന്നിട്ട്. അത് ആരും എതിര്‍ട്ടില്ലെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.നേരത്തെ കോഴിക്കോട് രണ്ട് തൊഴിലാളികള്‍ അഴുക്കുചാലിനകത്ത് കുടുങ്ങിയപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൌഷാദ് എന്ന മനുഷ്യസ്നേഹിയെവരെ വിമര്‍ശിച്ച ആളില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനെന്നും ചോദ്യമുണ്ട്.

13-Oct-2020