ഭവനരഹിതയായ കോൺഗ്രസ് മന്ത്രിയുടെ ഭാര്യയ്ക്ക് സ്വന്തമായി വീട് നൽകി പിണറായി സർക്കാർ

തലചായ്ക്കാന്‍ ഒരിടമില്ലാതെ വലഞ്ഞ മുന്‍ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി കെ വേലായുധന്റെ ഭാര്യ ഗിരിജയ്ക്ക് പിണറായി വിജയൻ സർക്കാർ സ്വന്തമായി അടച്ചുറപ്പുള്ള വീട് നൽകി. കെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു പികെ വേലായുധൻ. ലൈഫ് മിഷൻ നിർമ്മിച്ച ഫ്ളാറ്റുകളിലൊന്ന് കൈമാറുമെന്ന്  നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം നഗരസഭാ തയ്യാറാക്കിയ ഫ്‌ളാറ്റുകളിൽ ഒന്നിന്റെ താക്കോൽ മന്ത്രി എ കെ ബാലൻ ഗിരിജയ്ക്ക് കൈമാറി.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും നിരവധി യുഡിഎഫ് നേതാക്കളേയും ഒരു വീട് എന്ന ആവശ്യവുമായി ഗിരിജ പല തവണ സന്ദർശിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഭര്‍ത്താവിന്റെ മരണത്തോടെ ആരോരുമില്ലാതായ ഗിരിജ വേലായുധന്‍ സുഹൃത്തുക്കളുടെ വീടുകളിലാണ് കഴിഞ്ഞിരുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീടിനായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയ ഗിരിജ, മന്ത്രിയുടെ മരണശേഷമുണ്ടായ ഒറ്റപ്പെടലിന്റെ വേദനയോടെ ജീവിക്കുമ്പോൾ ഭർത്താവിന്റെ പാർട്ടിക്കാർ ആ പാവത്തിനെ തിരിഞ്ഞുനോക്കിയില്ല. കെപിസിസി വീടുവെച്ചുനൽകുമെന്നൊക്കെ കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പറഞ്ഞെങ്കിലും അതൊന്നും യാഥാർഥ്യമാക്കാൻ നേതൃത്വം മുൻകൈ എടുത്തില്ല.

ഭർത്താവ് മന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് വീടുണ്ടായിരുന്നു. ഭരണം മാറിയപ്പോള്‍ കടം വീട്ടാനായി വീടുവില്‍ക്കേണ്ടി വന്നു. 2003ല്‍ പി കെ വേലായുധന്‍ മരിച്ചതോടെ മക്കളില്ലാത്ത ഗിരിജ ഒറ്റക്കായി. മന്ത്രിയുടെ പെന്‍ഷനും ചില ഓര്‍മചിത്രങ്ങളും മാത്രമായി സമ്പാദ്യം. ജന്‍മനാടായ അന്തിക്കാട്ടും ഒരിഞ്ചു ഭൂമിയില്ല. ഒടുവില്‍ വീടിനായി മന്ത്രി എ കെ ബാലന് അപേക്ഷനല്‍കി. തിരുവനന്തപുരം നഗരസഭ വീട് നല്‍കും എന്ന് അപ്പോൾ തന്നെ ഗിരിജയെ അറിയിച്ചു. ആ വാക്കാണ് ഇന്ന് പാലിക്കപ്പെട്ടത്.

13-Oct-2020