ലൈഫ് മിഷൻ : പ്രതിപക്ഷ നേതാവിനെതിരെ സിബിഐ അന്വേഷണം
അഡ്മിൻ
ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ സിബിഐ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ വാങ്ങി നൽകിയെന്നതടക്കമുള്ള കാര്യങ്ങൾ തുടർന്ന് അന്വേഷിക്കുമെന്ന് സൂചന. കോൺഗ്രസ് എം എൽ എ അനിൽ അക്കര നൽകിയ പരാതിയെ തുടർന്ന് യുണിടാക് ഉടമ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിബിഐക്ക് അന്വേഷിയ്ക്കാമെന്ന് ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാവുമ്പോൾ സ്വാഭാവികമായും പ്രതിപക്ഷ നേതാവിന് നൽകിയ ഐ ഫോൺ ഇടപാടിലെ ദുരൂഹത സിബിഐ അന്വേഷിക്കും.
ലൈഫ് മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി സിബിഐ അന്വേഷണം സ്റ്റേ ചെയ്ത വിധിയില്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണം കോടതി വിലക്കുന്നില്ല.''കരാറുകാരായ യുണിടാക്കിന്റെ മാനേജിംഗ് ഡയറക്ടർ യുഎഇ കോൺസലേറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പണം നൽകിയതായി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഗണത്തിൽപ്പെട്ടവരായ രാഷ്ട്രീയ പാർടികൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ആണെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്. വിദേശത്തു നിന്നും ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവർക്ക് നൽകുന്നത് കുറ്റകൃത്യമാണ്.'' വിധിയില്‍ ഇങ്ങനെ വ്യക്തമാക്കുമ്പോൾ സ്വപ്ന സുരേഷ് വഴി യുണിടാക്കിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉപഹാരം കൈപ്പറ്റിയ രമേശ് ചെന്നിത്തലയ്ക്ക് നേരെയാണ് കുരുക്ക് മറുകുക.
രമേശ് ചെന്നിത്തല തന്നെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് യു എ ഇ കോൺസുലേറ്റ് സംഘടിപ്പിച്ച ലോട്ടിൽ പങ്കെടുത്ത കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ചെന്നിത്തലയ്ക്കും ഭാര്യയ്ക്കും വേണ്ടി വിദേശത്ത് നിന്ന് പണം മുടക്കി മൊബൈൽ വാങ്ങി എന്നാണ് ചെന്നിത്തല മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തിയത്. എന്നാൽ, ചെന്നിത്തലയും ഭാര്യയും ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ വിദേശത്ത് നിന്നും വാങ്ങിയവയല്ല. ഇത്തരം കാര്യങ്ങൾ സിബിഐക്ക് പരിശോധിക്കാനാവും.
കോൺസുലേറ്റില്‍ നിന്ന് തുടര്‍ന്നും കരാറുകള്‍ കിട്ടാനായി കോൺസുലേറ്റ് ജനറലിന് നല്‍കാനെന്ന പേരില്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്രകാരം 20 ലക്ഷം രൂപനല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പിന്നീട് മൂന്നു കോടി 80 ലക്ഷം രൂപ അമേരിക്കൻ ഡോളർ ആക്കി കോൺസുലേറ്റില്‍ ജോലി ചെയ്യുന്ന ഈജിപ്ത് പൌരനായ ഖാലിദിന് കൈമാറിയതായും പറയുന്നു. സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ എന്ന കമ്പനിയുടെ പേരില്‍ 68 ലക്ഷം രൂപ മാറ്റിയതായും പറയുന്നുണ്ട്. ഇതോടൊപ്പമാണ് രമേശ് ചെന്നിത്തലയ്ക്ക് കൊടുത്തതടക്കം അഞ്ച് ഐഫോണുകൾ വാങ്ങിയതായി സന്തോഷ് ഈപ്പന്‍ പറഞ്ഞത്.
പൊതുവിലുള്ള അന്വേഷണത്തിൽ നിന്ന് നേതാവിനെ മാറ്റിനിർത്താൻ സിബിഐയ്ക്ക് സാധിക്കില്ല എന്ന നിയമോപദേശമാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു കോൺഗ്രസ് എം എൽ എയുടെ പരാതി അതെ പാർട്ടിയുടെ മുന്നണി ചെയർമാന് തന്നെ ഭീഷണിയായി മാറുന്നത്. ഹൈക്കോടതി വിധിയെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് നിയമവിദഗ്ധരുമായി ചർച്ച നടത്തി.
13-Oct-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ