ദേശീയപാതാ വികസനം കേരള വികസന ചരിത്രത്തിലെ നാഴികകല്ല്: മുഖ്യമന്ത്രി

ദേശീയപാതയായ എന്‍ എച്ച് 66 ന്റെ അഭിവൃദ്ധിപ്പെടുത്തല്‍ കേരള വികസന ചരിത്രത്തിലെ നാഴികകല്ലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച ഏഴ് ദേശീയപാതാ പദ്ധതികളുടെ ശിലാസ്ഥസ്ഥാപന ചടങ്ങിലും കഴക്കൂട്ടം-മുക്കോല ദേശീയപാത രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലും അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ-ഭരണത്തതലത്തില്‍ നടത്തിയ സമയബന്ധിത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ദേശീയപാത 66 അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞത്.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ലാതലത്തില്‍ ഓഫീസുകള്‍ തുറന്നതും ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കി. ഭൂമി ഏറ്റെടുക്കുന്നതിന് ജനങ്ങളുടെ ഭാഗത്തു നിന്ന് വലിയ പിന്തുണയാണ് ഉണ്ടായിട്ടുള്ളത്. ഏറ്റെടുക്കാന്‍ സാധ്യമല്ലെന്ന് കരുതിയിരുന്ന പല സ്ഥലങ്ങളും ഏറ്റെടുക്കാന്‍ ഈ ജനപിന്തുണ സഹായകമായി.ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാര തുക ഉറപ്പുവരുത്തുന്നതിലും സര്‍ക്കാറിന് സുതാര്യത ഉറപ്പുവരുത്താന്‍ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യവികസനം അനിവാര്യമാണ്.ഇതിന്റെ ഭാഗമായാണ് എന്‍ എച്ച് 66 അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്.നിലവില്‍ സംസ്ഥാനത്തുള്ള ദേശീയപാതകളില്‍ മിക്കതും സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നവയാണ്.എന്‍ എച്ച് 66 ന്റെ അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാകുന്നതോടെ ആറുവരവരി പാതയാണ് യാഥാര്‍ത്ഥ്യമാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

13-Oct-2020