ദേശീയ പാതാവികസനം; പിണറായിയെ പുകഴ്ത്തിയ നിധിൻ ഗഡ്കരിക്കെതിരെ കെ സുരേന്ദ്രൻ
അഡ്മിൻ
ദേശീയപാത വികസനം കേരളത്തിൽ സാധ്യമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച സഹകരണവും ഇടപെടലുമാണെന്ന് പറഞ്ഞ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്‌കരിക്കെതിരെ ബി ജെ പി കേരളം ഘടകം.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി കേരളത്തിലെ എട്ട് പദ്ധതികൾ ഉദ്‌ഘാടനംചെയ്യുന്ന വേളയിലാണ് മുൻ ബി ജെ പി അധ്യക്ഷൻ കൂടിയായ നിധിൻ ഗഡ്‌കരി ലോഭമില്ലാതെ കേരളം മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചത്. ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പിണറായി സർക്കാർ അധികാരമേറ്റതുമുതൽ നിരന്തരം ഇടപെട്ടു. ദേശീയപാത വികസനത്തിൽ സർക്കാരിന്റെ പ്രകടനം മുൻസർക്കാരിനേക്കാൾ മികച്ചതാണ്. പദ്ധതി തുകയുടെ സിംഹഭാഗം ഭൂമി ഏറ്റെടുക്കലിന് വേണ്ടിവന്നിട്ടും സംസ്ഥാന സർക്കാർ ജാഗ്രതകാണിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, സ്റ്റീൽ, സിമന്റ് തുടങ്ങിയവയ്ക്ക് ജി എസ് ടി ഇളവ് തുടങ്ങിയവ സംസ്ഥാനം പരിഗണിക്കുമെങ്കിൽ നിർമാണച്ചെലവ് കുറയ്ക്കാം. കേരളത്തിലെ റോഡ് വികസനത്തിന് മികച്ച പരിഗണന നൽകും. തുടങ്ങി പിണറായി സർക്കാരിന് സമ്പൂർണ പിന്തുണ നൽകുന്ന നിലപാടാണ് നിധിൻ ഗഡ്‌കരിയുടെ സംസാരത്തിൽ മുഴച്ചുനിന്നത്. അവസാനം ദേശീയപാത വികസനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ അദ്ദേഹത്തെ കേന്ദ്രമന്ത്രി ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതൊക്കെയാണ് ബി ജെ പി കേരളം ഘടകത്തെ ചൊടിപ്പിച്ചത്.
ബി ജെ പി കേരള ഘടകം ആവനാഴിയിലെ സകല അസ്ത്രങ്ങളും ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ നിറംകെടുത്താൻ ശ്രമിക്കുമ്പോൾ കേന്ദ്രത്തിലെ ബി ജെ പി മന്ത്രിമാർ പിണറായിയെ പ്രശംസിക്കുന്നത് നിർത്താൻ കേന്ദ്ര നേതൃത്വം ഇടപെടണം എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആവശ്യം. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ബുദ്ധിമുട്ടിക്കുന്ന സമീപനങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം എന്നാണ് ബി ജെ പി കേരളം ഘടകത്തിന്റെ നിലപാട്. നേരത്തെ ദേശീയപാത വികസനത്തിന് തടസം നിൽക്കാൻ കേരളത്തിലെ ബി ജെ പി നേതൃത്വം കേന്ദ്ര നേതൃത്വത്തോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ബി ജെ പി പ്രവർത്തകർ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ തെരുവിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അടക്കം അട്ടിമറിക്കാൻ നിരന്തരം പരിശ്രമിക്കുമ്പോൾ, കേന്ദ്ര മന്ത്രിമാർ കേരളം സർക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് പറയുന്നത് കേരളത്തിലെ ബി ജെ പിക്ക് ക്ഷീണം ചെയ്യും എന്നാണ് സുരേന്ദ്രനും കേരള നേതൃത്വവും വിലയിരുത്തുന്നത്.