ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ലോകത്തിനാകെ ദുരന്തം:പലസ്തീൻ പ്രധാനമന്ത്രി

ഒരിക്കല്‍ കൂടി ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ദൈവത്തിന് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ. അങ്ങിനെയാണ് സംഭവിക്കുന്നത് എങ്കില്‍ അത് പലസ്തീൻ ജനതയെ സംബന്ധിച്ചും ലോകത്തിനാകെയും ദുരന്തമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസിലെ ട്രംപ് ഗവൺമെന്റിന്റെ കഴിഞ്ഞ നാല് വർഷക്കാലം പാലസ്തീന് വലിയ ദോഷമുണ്ടായതായി അദ്ദേഹം യൂറോപ്യൻ എംപിമാരുമായി സംസാരിക്കവേ പറയുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് വീണ്ടും രംഗത്തെത്തി.

ഡെമോക്രാറ്റിക്ക് പാർട്ടിയെ സംബന്ധിച്ച് അവരുടെ നിയന്ത്രണം സോഷ്യലിസ്റ്റുകളുടേയും മാർക്സിസ്റ്റുകളുടേയും ഇടതുപക്ഷ തീവ്രവാദികളുടേയും കയ്യിലേൽപ്പിക്കാൻ ജോ ബൈഡൻ ധാരണയിലെത്തിയതായി ട്രംപ് ആരോപിക്കുന്നു.

14-Oct-2020