കേരള കോൺഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം
അഡ്മിൻ
കേരള കോൺഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു. അതോടൊപ്പം രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നും വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. ഉപാധികളില്ലാതെയാണ് ഇടതുപക്ഷത്തേക്ക് പോകുന്നത്. കേരള കോൺഗ്രസിന്റെ നിലപാടാണ് ഇപ്പോൾ അറിയിച്ചതെന്നും മറ്റ് കാര്യങ്ങൾ എൽ ഡി എഫുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പറഞ്ഞു.
രാജ്യത്ത് വർഗീയ ശക്തികൾ പിടിമുറുക്കുമ്പോൾ അവർക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നതും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതും ഇടതുപക്ഷമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് നിലപാട് ഉറപ്പിച്ചത്.
കോൺഗ്രസിൽനിന്ന് കടുത്ത അനീതിയാണ് മാണിസാറിന്റെ പാർടി നേരിട്ടത്. 38 വർഷത്തിനപ്പുറം യു ഡി എഫ് കെട്ടിപ്പടുത്തത് കെ എം മാണിയാണ്. അദ്ദേഹത്തിന്റെ പാർടിയേയും പാർടിക്കൊപ്പം നിൽക്കുന്ന ജനവിഭാഗങ്ങളേയുമാണ് കോൺഗ്രസിലെ ചിലർ അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. പി ജെ ജോസഫിനൊപ്പം ചേർന്ന് പിന്നിൽ നിന്ന് കുത്തുകയാണ് ഉണ്ടായത്.
പി ജെ ജോസഫ് പാർടി പിടിച്ചെടുക്കാനാണ് നോക്കിയത്. തന്നെ വ്യക്‌തിപരമായി അപമാനിച്ചു. പാർടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു . അപ്പോളെല്ലാം കോൺഗ്രസ് നേതാക്കൾ മൗനം പാലിച്ച് ജോസഫിനെ സഹായിച്ചു. മാണി സാറിനെ ചതിച്ചവർക്കൊപ്പം ആരും പോകില്ലെന്നും ആത്‌മാഭിമാനം നഷ്‌ടപ്പെടുത്തി ഒരിടത്തും നിൽക്കില്ലെന്നും ജോസ് വ്യക്തമാക്കി.