മോദിയുമായുള്ള സൗഹൃദം ട്രംപിന് വിനയായി; ജോ ബൈഡന് ജനപിന്തുണ
അഡ്മിൻ
നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍- അമേരിക്കന്‍ വോട്ടര്‍മാര്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പിന്തുണയ്ക്കുന്നെന്ന് സര്‍വേ ഫലം. ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്ക തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് ഭൂരിഭാഗം ഇന്ത്യന്‍ വംശജരും വിചാരിക്കുന്നു. പ്രശസ്ത റിസര്‍ച്ച് ആന്റ് അനലിറ്റിക്സ് കമ്പനിയായ യൂഗവണ്മെന്റുമായി സഹകരിച്ച് പെനിസെല്വാനിയ യൂണിവേഴ്സിറ്റിയിലെയും ഹോപ്കിന് യൂണിവേഴ്സിറ്റിയിലെയും റിസേര്‍ച്ചര്‍മാര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം ഒന്നു മുതല്‍ 20 വരെയാണ് സര്‍വേ പഠനം നടത്തിയത്. ഇവര്‍ പ്രധാനമായും 936 ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരിലാണ് സര്‍വേ നടത്തിയത്. സാധാരണയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആണ് പിന്തുണയ്ക്കുന്നതെങ്കിലും ഇത്തവണ പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അടുത്ത സൗഹൃദം, കാശ്മീര്‍ വിഷയം, ചൈനീസ് സര്‍ക്കാരുമായുള്ള ബൈഡന്റെ സൗഹൃദ മനോഭാവം എന്നിവ ഇത്തവണ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂല ഘടകമാവുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്.
അതേപോലെ തന്നെ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും പങ്കെടുത്ത ഹൗഡി മോഡി പരിപാടി തങ്ങളെ തുണയ്ക്കുമെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയും കരുതിയിരുന്നത്. ഇപ്പോള്‍ പക്ഷെ ഇതിനു വിപരീതമായാണ് സര്‍വേ ഫലം പുറത്തുവന്നത്. സര്‍വേയില്‍ പങ്കെടുത്ത 72 ശതമാനം ഇന്ത്യന്‍- അമേരിക്കന്‍ വോട്ടര്‍മാറും ബൈഡനെയാണ് പിന്തുണച്ചത്.
നിലവിലെ പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചത് കേവലം 22 ശതമാനം പേര് മാത്രമാണ്. മറ്റുള്ളവര്‍ തങ്ങള്‍ വോട്ട് ചെയ്യാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.