തനിഷ്ക്കിന്‍റെ ഗുജറാത്തിലെ സ്‌റ്റോറിന് നേര്‍ക്ക് ആക്രമണം

സോഷ്യൽ മീഡിയയിൽ വ്യാപകമായി സംഘ് പരിവാർ അണികളുടെ സൈബറാക്രമണവും ബഹിഷ്കരണാഹ്വാനങ്ങളും ഉയര്‍ന്നതോടെ പരസ്യചിത്രം പിന്‍വലിച്ചെങ്കിലും തനിഷ്‌ക്കിന് നേരെ നേരിട്ട് ആക്രമണം. തനിഷ്ക്കിന്‍റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ഇന്ന് ആക്രമണമുണ്ടായി.

ഗുജറാത്തിലെ ഗാന്ധിദാമിലെ സ്‌റ്റോറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ഇവിടുത്തെ സ്‌റ്റോറിന് നേരെ ആക്രമണം അഴിച്ചുവിട്ടതിന് പുറമേ സ്റ്റോര്‍ മാനേജറില്‍ നിന്ന് അക്രമികള്‍ മാപ്പ് എഴുതി വാങ്ങുകയും ചെയ്തു. തനിഷ്ക്കിന്‍റെ പരസ്യം വഴി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് കച്ച് ജില്ലയിലെ ജനങ്ങളോട് മാപ്പുപറയുന്നു- എന്നായിരുന്നു മാനേജറിന്‍റെ മാപ്പപേക്ഷയിലെ ഉളളടക്കം.

രാജ്യത്തെ പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക്കിന്‍റെ പുതിയ പരസ്യം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുവെന്നുമൊക്കെയുള്ള രീതിയിൽ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇതിനെ തുടര്‍ന്ന് തനിഷ്‌ക് ബഹിഷ്‌കരിക്കണം എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു.

സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെ പരസ്യം യൂട്യൂബില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുകയായിരുന്നു. കമ്പനി തങ്ങളുടെ ഉത്സവ കളക്ഷനായ ഏകത്വയ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങള്‍ക്ക് ഒടുവില്‍ തനിഷ്ക് പിന്‍വലിച്ചത്.

14-Oct-2020