ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാടുകളും ജോസ് കെ മാണിക്ക് ഊർജ്ജമാകും
അഡ്മിൻ
വർഗീയവിരുദ്ധ, മതനിരപേക്ഷ, കാർഷിക ക്ഷേമ നിലപാടുകൾ ഉയർത്തിപ്പിടിച്ച് കേരളാകോൺഗ്രസ് എം ഇടതുപക്ഷത്തേക്ക് വരുന്നത് കൃസ്തീയ സഭകൾ ഉള്ളുകൊണ്ട് സ്വാഗതം ചെയ്യുന്നു. കോവിഡ് മഹാവ്യാധിയോടെ, മൂലധന വിപണിയുടെ മാന്ത്രിക സിദ്ധാന്തങ്ങൾ പരാജയപ്പെട്ടെന്നു തെളിഞ്ഞതായി തന്റെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’(എല്ലാവരും സഹോദരർ)യിൽ ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ച സാഹചര്യത്തിൽ ഇടതുപക്ഷമാണ് ശരി എന്നാണ് പൊതുവിൽ കൃസ്തീയ പൗരോഹിത്യവൃന്ദമെടുക്കുന്ന നിലപാട്. സംവാദവും ഐകമത്യവും പ്രോത്സാഹിപ്പിക്കുകയും യുദ്ധം എന്തുവിലകൊടുത്തും ഒഴിവാക്കുകയും ചെയ്യുന്ന ഒരു പുതിയ രാഷ്ട്രീയമാണു ലോകത്തിന് ഇനി ആവശ്യമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കിയത്. ഇന്ത്യൻ സാഹചര്യത്തിൽ അത് വർഗീയ രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിച്ച് കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ. അതിന് അഭികാമ്യമായ രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതാണ് എന്ന് പുരോഹിത സമൂഹം സമ്മതിക്കുന്നു.
കഴിഞ്ഞ ദിവസം അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കബറിടത്തിൽ ദിവ്യബലി അർപ്പിച്ചശേഷമായിരുന്നു മാർപാപ്പ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത്. തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം ചാക്രികലേഖനം പരിചയപ്പെടുത്തുകയും ചെയ്തു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സാഹോദര്യ സങ്കല്പത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു മാർപാപ്പ തയാറാക്കിയിരിക്കുന്ന ചാക്രിക ലേഖനത്തിൽ, കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ എടുത്തുപറയുന്നുണ്ട്.
പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുകയും സമ്പന്നരെ വീണ്ടും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന തലതിരിഞ്ഞ ആഗോള സാമ്പത്തിക വ്യവസ്ഥയെ ചാക്രിക ലേഖനത്തിൽ മാർപ്പാപ്പ നിശിതമായി വിമർശിച്ചു.
രാഷ്ട്രീയവും സാമ്പത്തികവുമായ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതേണ്ടതാണെന്ന തന്റെ വിശ്വാസം, കോവിഡ് മഹാവ്യാധിയോടെ അരക്കിട്ടുറപ്പിക്കപ്പട്ടു. വിപണിക്കു സ്വാതന്ത്ര്യം നല്കി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ലെന്നു വ്യക്തമായി. ഭൂമി നല്കുന്ന വിഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ സമൂഹത്തിന്റെ നന്മയാണു കണക്കിലെടുക്കേണ്ടത് തുടങ്ങി മാർപ്പാപ്പയുടെ ആഹ്വാനങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കേരളത്തിലെ പിണറായി വിജയൻ സർക്കാർ ബദൽ വികസന നയങ്ങൾ മുന്നോട്ടുവെച്ച് ആഗോള സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കുമ്പോൾ കോൺഗ്രസും ബി ജെ പിയും ആ വ്യവസ്ഥയെ പരിപോഷിപ്പിക്കുകയാണ്. അപ്പോഴാണ് കേരളം കോൺഗ്രസ് എം നിലപാടുകൾ മാറ്റി ഇടതുപക്ഷത്തോടൊപ്പം വന്നത്. അത് കൃസ്തീയ വിശ്വാസികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
പാർശ്വവത്ക്കരിക്കപ്പെട്ടവരെയും അഭയാർഥികളെയും സ്വീകരിക്കേണ്ടതിന്റെയും കരുതൽ നൽകേണ്ടതിന്റെയും ആവശ്യകത മാർപാപ്പ ഊന്നിപ്പറയുമ്പോഴാണ് കേരള സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കരുതലായി മാറുന്ന ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കാൻ യു ഡി എഫ് പരിശ്രമിക്കുന്നത്. മാർപ്പാപ്പയുടെ വചനങ്ങൾക്ക് വിരുദ്ധമായി കോൺഗ്രസ് നേതൃത്വത്തിൽ യു ഡി എഫ് മുന്നോട്ട് പോകുമ്പോഴാണ് കേരളം കോൺഗ്രസ് എം അനുകമ്പയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഇടതുപക്ഷത്തേക്ക് വന്ന് സാധാരണക്കാർക്ക് വേണ്ടി നിലയുറപ്പിക്കുന്നത് എന്നാണ് പുരോഹിത സമൂഹം വിലയിരുത്തുന്നത്.
‘നല്ല സമരിയാക്കാരന്റെ’ ഉപമയ്ക്കായി ഒരു അധ്യായംതന്നെ ചാക്രികലേഖനത്തിൽ മാറ്റിവെക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ തയ്യാറായ ചരിത്രഘട്ടത്തിലാണ് മാർപ്പാപ്പയുടെ വാക്കുകളിൽ നിന്നുകൂടി പ്രചോദനം ഉൾക്കൊണ്ട് ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്തേക്ക് വരുന്നത്. കേരളത്തിലെ കൃസ്തീയ സമൂഹം ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ ഉൾക്കൊണ്ട് മുന്നോട്ടുപോവുമ്പോൾ കോട്ടയം പോലുള്ള ജില്ലകളിൽ കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് എമ്മിലേക്ക് വിശ്വാസികൾ ഒഴുകുമെന്നതിൽ സംശയമില്ല.
15-Oct-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ