ത്രിപുരയില്‍ ബിപ്ലബിനെ അട്ടിമറിക്കാൻ ബിജെപി വിമതരുടെ നീക്കം
അഡ്മിൻ
ആഭ്യന്തര കലഹത്തില്‍ ഉലഞ്ഞ് ത്രിപുരയില്‍ ബിജെപി. ബിപ്ലബ് കുമാർ ദേബിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ ഘടകകക്ഷിയായ ഐപിഎഫ്‌ടിയുടെ സഹായം തേടി വിമത ബിജെപി നേതാവ് സുദീപ് റോയ് ബർമൻ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്.
സംസ്ഥാന നിയമസഭയില്‍ എട്ട് എംഎൽഎയുള്ള ഐപിഎഫ്ടിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ നിരാശരാണെന്ന് സുദീപ് ബിജെപി കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു കഴിഞ്ഞു.അതേസമയം വിമതർക്ക് മന്ത്രിസ്ഥാനം നൽകി പ്രശ്‌നം പരിഹരിക്കാനും കേന്ദ്രനേതൃത്വം ശ്രമിക്കുന്നുണ്ട്.
നടക്കാനിരിക്കുന്ന നവരാത്രി ആഘോഷങ്ങൾക്കുശേഷം മന്ത്രിസഭാ പുനഃസംഘടന നടത്താമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വാഗ്‌ദാനം.ഘടക കക്ഷിയായ ഐപിഎഫ്‌ടി നേതാക്കളുമായി ചർച്ച നടത്തിയശേഷമാണ് സുദീപും സംഘവും ഡൽഹിയിൽ എത്തിയത്. നേരത്തെ കോൺഗ്രസിൽനിന്ന് ബിജപിയിൽ എത്തിയ സുദീപിന് ലഭിച്ചത് സംസ്ഥാന മന്ത്രി സഭയില്‍ ആരോഗ്യമന്ത്രിസ്ഥാനമാണ്.
എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം അതും നഷ്ടമായി.ആ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കെതിരായി നിലകൊണ്ടെന്ന് ആരോപിച്ചാണ് സുദീപിനെ മാറ്റിയത്. ഇപ്പോള്‍ 15 എംഎൽഎമാരുടെ പിന്തുണയാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഇവരില്‍ എട്ടുപേർ ഡൽഹിയിൽ എത്തി. പ്രധാന ഘടക കക്ഷിയായ ഐപിഎഫ്‌ടി പിന്തുണച്ചാൽ ബിപ്ലബിനെ അട്ടിമറിക്കാൻ കഴിയുമെന്നാണ് സുദീപ് കരുതുന്നത്.