കോൺഗ്രസിൽ കലഹവുമായി കെ. മുരളീധരന്‍

സംസ്ഥാനത്ത് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതില്‍ യു.ഡി.എഫ് നേതൃത്വത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എം.പി രംഗത്തെത്തി. യുഡിഎഫില്‍ നിന്നും ഘടകകക്ഷികള്‍ വിട്ടുപോകുന്നത് മുന്നണിയുടേയും പ്രവര്‍ത്തകരുടേയും ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഭരണകക്ഷിയുടെ നേട്ടം കൊണ്ടല്ല ഇവര്‍ വിട്ടുപോകുന്നതെന്നും മുരളീധരന്‍ ആരോപിക്കുന്നു. മുന്നണി വിട്ടുപോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിയേണ്ടിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കാലാകാലങ്ങളിലായി യു.ഡി.എഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കാനും അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കല്‍ ബോഡിയിലും നിയമസഭയിലും ശക്തമായ തിരിച്ചുവരവ് നടത്താനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുംകൂടുതല്‍ കക്ഷികള്‍ മുന്നണിയില്‍ നിന്ന് വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും.

നിലവില്‍ ജയിക്കാനുള്ള കഴിവുണ്ട് പക്ഷേ മുന്നണി വിടുന്നു എന്ന പ്രചരണം നടത്താന്‍ ഇത് കാരണമാകും. ഇനിയെങ്കിലും ചര്‍ച്ചയിലൂടെ പിണങ്ങിപ്പോയവരെ കൊണ്ടുവരികയാണ് വേണ്ടത്. ഘടക കക്ഷികളുമായി കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടാവുന്നുണ്ട്. നേരത്തെ വീരേന്ദ്രകുമാര്‍ 46 വര്‍ഷത്തെ ഇടതുബാന്ധവം സഹിക്കാന്‍ കഴിയാതെയാണ് യു.ഡി.എഫിലേക്ക് വന്നത്. പക്ഷെ അദ്ദേഹം എന്തുകൊണ്ട് തിരിച്ചുപോയി.

ഞാന്‍ ഇവരുമായി സംസാരിക്കുമ്പോള്‍ മനസിലായത് വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നു പലതും എന്നതാണ്. അവിടെയാണ് ഗ്യാപ് വന്നത്. അത് പരിഹരിക്കണം. ഞാന്‍ ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു. ചില്ലറ വിട്ടുവീഴ്ച രണ്ട് വിഭാഗവും കാണിക്കാമായിരുന്നു. ജോസ് കെ. മാണി ഒരു അബദ്ധം കാണിച്ചു. ചില്ലറ മാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്തിന് വേണ്ടി 38 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചത് ശരിയല്ല. മുരളീധരന്‍ പറഞ്ഞു.

16-Oct-2020