ഗൗരവബുദ്ധിയോടെ ചോദ്യം ഉന്നയിക്കുന്നവരെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്ന കുറിപ്പ്
അഡ്മിൻ
എം.ബി.രാജേഷ്
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി താഷ്ക്കെൻ്റിൽ വെച്ച് രൂപീകൃതമായി ഇന്ന് നൂറു വർഷം തികയുന്നു. കമ്യുണിസ്റ്റ് പാർട്ടി ഒരു നൂറ്റാണ്ടു കൊണ്ട് ഇന്ത്യക്ക് നൽകിയ സംഭാവന എന്താണ്? അറിയാൻ ഗൗരവബുദ്ധിയോടെ താൽപര്യപ്പെടുന്നവരുമുണ്ടാകും. അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കുമിടയിൽ .അങ്ങിനെയുള്ള ഗൗരവബുദ്ധിയോടെ ചോദ്യം ഉന്നയിക്കുന്നവരെ മാത്രം അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്ന കുറിപ്പാണിത്. കഴിയുന്നത്ര ചുരുക്കിപ്പറയാനാണ് ശ്രമം.
1. പൂർണ്ണ സ്വാതന്ത്ര്യം
പൂർണ്ണ സ്വാതന്ത്ര്യം,ആധുനിക ഇന്ത്യ അഥവാ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് രാഷ്ട്രം എന്നീ ആശയങ്ങൾ കമ്യുണിസ്റ്റുകാരുടെ മൗലിക സംഭാവനയാണ് എന്ന് നിസ്സംശയം പറയാം. അവ യാഥാർത്ഥ്യമാക്കാൻ സമാനതകളില്ലാത്ത സഹനവും ത്യാഗവും കമ്യൂണിസ്റ്റുകാർ അനുഭവിച്ചു.
1920ൽ ഉണ്ടായ കമ്യുണിസ്റ്റ് പാർട്ടിയാണ് ഇന്ത്യയിൽ പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയത്. അതിൻ്റെ അടിസ്ഥാനത്തിൽ1921 ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ രണ്ട് കമ്യുണിസ്റ്റുകാർ - ഹസ്രത്ത് മൊഹാനിയും സ്വാമി കുമാരാനന്ദയും പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ് ഡൊമിനിയൻ പദവി മാത്രം ആവശ്യപ്പെടുന്ന കാലം. പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തെ എതിർത്തതോ ഗാന്ധിജി നേരിട്ടും! ഒടുവിൽ കമ്യുണിസ്റ്റുകാരുയർത്തിയ മുദ്രാവാക്യം കോൺഗ്രസ് അംഗീകരിച്ചത് ഏകദേശം ഒരു പതിറ്റാണ്ടു കഴിഞ്ഞ് 1930ൽ.
കൂട്ടത്തിൽ പറയട്ടെ കവിയായ ഹസ്രത്ത് മൊഹാനിയാണ് വിഖ്യാതമായ "ചുപ് കേ ചുപ് കേ" എന്ന ഗസലിൻ്റെ രചയിതാവ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യവും അദ്ദേഹത്തിൻ്റെ സൃഷ്ടിയാണ്.
2. അടിച്ചമർത്തൽ:
വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭു, കമ്യുണിസ്റ്റ് പ്രവർത്തനങ്ങൾ വ്യാപിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നതായി 1929ൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രഖ്യാപിച്ചു. ഇൻറലിജൻസ് ബ്യുറോ കമ്യുണിസ്റ്റ് പ്രവർത്തനം നേരിടാൻ നിലവിലുള്ള നിയമങ്ങൾ പോരെന്ന രഹസ്യ റിപ്പോർട്ട് നൽകി.( ചിത്രം 1 കമ്യൂണിസ്റ്റുകാർക്കെതിരായ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പാർട്ടുകളാണ്.) 1929ൽ ഇതിനായി പബ്ലിക് സേഫ്റ്റി ബിൽ കൊണ്ടുവന്നു.പെഷവാർ, മീററ്റ്, കാൺപുർ ഗൂഡാലോചനക്കേസുകൾ ചുമത്തി കമ്യുണിസ്റ്റുകാരെ വേട്ടയാടി. ബ്രിട്ടീഷ് ഭരണത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തി എന്നായിരുന്നു കേസ്. ഇന്ന് യെച്ചുരിക്കും ബൃന്ദ കാരാട്ടിനുമെതിരെ മോദി സർക്കാർ ഗൂഡാലോചന ആരോപിക്കുന്നു!
3.മീററ്റ് കേസ്:
അടിച്ചമർത്തലുകളിൽ പ്രധാനപ്പെട്ടതാണിത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാക്കളായിരുന്ന മുസാഫർ അഹമ്മദ്, എസ്.എ. ഡാങ്കേ, പി.സി.ജോഷി, ഷൗക്കത്ത് ഉസ്മാനി എന്നിവരടക്കം 31 പേർ ജയിലിലടക്കപ്പെട്ടു. ഗാന്ധിജി നേതാക്കളെ ജയിലിൽ സന്ദർശിച്ച് ഐക്യദാർഡ്യം അറിയിച്ചു. മോടി ലാൽ നെഹ്റു പ്രസിഡൻറും ജവഹർലാൽ നെഹ്റു സെക്രട്ടറിയുമായി കേസ് നടത്തിപ്പിന് ഡിഫൻസ് കമ്മിറ്റി ഉണ്ടാക്കി. ആൽബർട്ട് ഐൻസ്റ്റീൻ, റൊമാങ് റോളാങ്ങ്, ഹരോൾഡ് ലാസ്കി തുടങ്ങി ലോകത്തിലെ മഹാപ്രതിഭകൾ പലരും കള്ളക്കേസിനെതിരെ തടവുകാരെ പിന്തുണച്ചു രംഗത്തുവന്നു. 1931 ൽ 27 പേരെ ശിക്ഷിച്ചു. വിചാരണയേയും കോടതിയേയും കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചു.. കോടതിയിലെ പ്രസ്താവന സ്വന്തം ലക്ഷ്യം അവതരിപ്പിക്കുന്നതായി. സാമൂഹിക നീതി, സ്ത്രീവിമോചനവും തുല്യനീതിയും ന്യുനപക്ഷ സംരക്ഷണം എന്നീ നിലപാടുകൾ പ്രസ്താവനയിൽ മുന്നോട്ടുവെച്ചു.
4.നിരോധനം:
വേട്ടയാടൽ ശക്തിപ്പെട്ടു.124-A( രാജ്യദ്രോഹം ),153- Aഎന്നീ വകുപ്പുകളും പാസ്പോർട്ട് ആക്ടും വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു. 1934 ജൂലൈ 23 ന് പാർട്ടി നിരോധിക്കപ്പെട്ടു. ഒരു ചെറിയ ഇടവേള മാറ്റിനിർത്തിയാൽ 1940 ൽ വീണ്ടും നിരോധിക്കപ്പെട്ടു.6456 പാർട്ടി കാഡർമാർ ശിക്ഷിക്കപ്പെട്ടു. അനേകായിരങ്ങൾ വിചാരണയില്ലാതെ തടവിലായി.പാർട്ടി മുഖപത്രം നാഷണൽ ഫ്രണ്ടും നിരോധിക്കപ്പെട്ടു.
5.ക്വിറ്റിന്ത്യ സമരം:
കമ്യൂണിസ്റ്റുകാർ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തില്ല എന്ന് ചിലർ ആരോപിക്കാറുണ്ട്. അവർക്കുള്ള മറുപടിസ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്ന രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ പറഞ്ഞിട്ടുണ്ട്. 1992 ൽ ക്വിറ്റിന്ത്യാ സമരത്തിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള പാർലിമെൻ്റിൻ്റെ പ്രത്യേക സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി പറഞ്ഞു -
"വൻ തോതിലുള്ള പണിമുടക്കുകളുടെ പശ്ചാത്തലത്തിൽ 1942 സെപ്റ്റംബർ 5ന് ദില്ലിയിൽ നിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് കമ്യുണിസ്റ്റുകാരെക്കുറിച്ച് ഒരു റിപ്പോർട്ട് അയക്കുകയുണ്ടായി. കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികൾ നിറഞ്ഞ പ്രസ്ഥാനമാണെന്ന കാര്യം തെളിയിക്കുന്നതാണ് അവരുടെ എല്ലായ്പ്പോഴുമെന്ന പോലെ ഇപ്പോഴത്തേയും പ്രവർത്തനം ". ശങ്കർ ദയാൽ ശർമ്മയേക്കാൾ ഇതു സാക്ഷ്യപ്പെടുത്താൻ യോഗ്യനായ ആരുണ്ട്?
6.വർഗ്ഗീയതക്കെതിരെ:
1937 ലെ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തിൽ വെച്ച് സവർക്കർ ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ചു.1941ൽ ജിന്നയും ദ്വിരാഷ്ട്ര വാദം ഉയർത്തി. വർഗ്ഗീയ ചേരിതിരിവ് രൂക്ഷമായി.ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റുള്ളവരുമായ തൊഴിലാളികളേയും കൃഷിക്കാരേയും വർഗ്ഗാടിസ്ഥാനത്തിൽ അണിനിരത്തി വർഗ്ഗീയ ചേരിതിരിവിനെ നേരിടാൻ കമ്യുണിസ്റ്റുകാർ ശ്രമിച്ചു.കൽക്കത്തയിലും നവഖാലിയിലുമെല്ലാം വർഗ്ഗീയ കലാപത്തിനെതിരെ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം പാർട്ടി സമാധാന ജാഥകളും മറ്റും നടത്തി.നവഖാലിയിൽ നിന്ന് ത്രിപുരയിലേക്ക് കടക്കാൻ ശ്രമിച്ചവർഗ്ഗീയ കലാപകാരികളെ ലാത്തിയേന്തിയ പതിനായിരത്തോളം കമ്യുണിസ്റ്റ് വളണ്ടിയർമാർ തുരത്തിയോടിച്ച സംഭവവും ഉണ്ടായി. കലാപം പടരാതിരിക്കാൻ ട്രേഡ് യൂണിയനുകളും കിസാൻ സഭയും കഠിന പരിശ്രമം നടത്തി.ആ മതനിരപേക്ഷ പൈതൃകമാണ് കമ്യുണിസ്റ്റുകാർ ഇന്നും അചഞ്ചലമായി ഉയർത്തിപ്പിടിക്കുന്നത്.
ഇന്ത്യ:
ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ആദ്യരൂപം 1931 ലെ കറാച്ചി കോൺഗ്രസ് അംഗീകരിച്ചപ്പോൾ അത് കമ്യുണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് എം.എൻ.റോയി തയ്യാറാക്കിയ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു. ബ്രിട്ടീഷ് രഹസ്യരേഖകളിൽ ഇതു പറയുന്നുണ്ട്.
ഐക്യ കേരളം, വിശാലാന്ധ്ര, സംയുക്ത മഹാരാഷ്ട്ര തുടങ്ങിയ സമരങ്ങളിലൂടെ കമ്യുണിസ്റ്റുകാർ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനും ആധുനിക ഫെഡറൽ രാഷ്ട്ര ഘടനക്കും സുപ്രധാന സംഭാവന നൽകി. ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവവും ഫെഡറൽ ഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇന്നും കമ്യൂണിസ്റ്റുകാർ മുന്നിൽ നിൽക്കുന്നു.
പൗരത്വം, കർഷക നിയമം, ജി.എസ്.ടി. കുടിശ്ശിക, തുടങ്ങി എത്ര സമീപകാല ഉദാഹരണങ്ങൾ. വർഗ്ഗ ചൂഷണത്തിനെതിരെ തൊഴിലാളികൾ, കർഷകർ മറ്റ് ജനവിഭാഗങ്ങൾ എന്നിവരുടെ ആയുധവും കമ്യുണിസ്റ്റ് പാർട്ടി തന്നെ. ഇന്ത്യയിൽ ഒരിക്കലും അധികാരത്തിൽ വന്നിട്ടില്ലാത്ത കമ്മ്യുണിസ്റ്റുകാർ ആധുനിക ഇന്ത്യ എന്ന ആശയം രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അധികാര രാഷ്ട്രീയത്തിനുമപ്പുറമാണത്.
17-Oct-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ