ന്യൂസിലന്‍ഡ് എന്നാല്‍ ജസീന്ത ആര്‍ഡേന്‍ ആകുമ്പോള്‍

ലോകമെങ്ങുമുള്ള സകല മാഗസിനുകളിലും കൊവിഡ് സമയം കവര്‍ചിത്രമായി നിറഞ്ഞുനിന്നിരുന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. ന്യൂസിലന്‍ഡ് എന്ന രാജ്യത്തെയും അവരുടെ ഭരണാധികാരിയെയും 2019 മാര്‍ച്ചില്‍ 51 പേരുടെ മരണത്തിന് ഇടയാക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണവേളയിലും 2020ല്‍ കോവിഡെന്ന മഹാമാരിക്കു നടുവിലും ലോകം ചര്‍ച്ച ചെയ്തു.

ഇപ്പോള്‍ ഇതാ, ജസീന്തയുടെ നേതൃത്വത്തെ നെഞ്ചോടുചേര്‍ത്ത ന്യൂസിലന്‍ഡ് ജനത വീണ്ടും അവരെ തങ്ങളുടെ നേതാവായി അവരോധിക്കുകയാണ്. ശനിയാഴ്ച നടന്ന രാജ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കുള്ള രണ്ടാം വരവ് 40കാരി ഉറപ്പിച്ചിരിക്കുന്നു. 1996ല്‍ പ്രാതിനിധ്യ വോട്ടിംഗ് സമ്പ്രദായം നടപ്പാക്കിയശേഷം രാജ്യത്ത് ഒരു പാര്‍ട്ടി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നതും ആദ്യമാണ്.

 മറ്റു രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അനുദിനം രൂക്ഷമാകുമ്പോഴാണ് ജസീന്ത മുന്നോട്ടുപോകാം എന്ന മുദ്രാവാക്യവുമായി കോവിഡിനെ പ്രതിരോധിച്ചത്. ഒരുപക്ഷേ, പുതിയ തലമുറയില്‍ അല്ലെങ്കില്‍ ഇതുവരെയുള്ള പ്രധാനമന്ത്രിമാരേക്കാള്‍ ജനപ്രിയത ആര്‍ജിച്ചെടുക്കാന്‍ ജസീന്തയെ സഹായിച്ചതും ഇത്തരം ഇടപെടലുകളായിരുന്നിരിക്കണം. വലിയൊരു രാഷ്ട്രീയ താര പരിവേഷത്തിലേക്കാണ് ജസീന്ത സഞ്ചരിച്ചെത്തുന്നത്. മൂന്നുവര്‍ഷംമുമ്പ് ലേബര്‍ പാര്‍ട്ടിയുടെ അവസാന ചോയിസ് മാത്രമായിരുന്നു ജസീന്ത. ഗാര്‍ഹിക ചെലവുകള്‍ വര്‍ധിക്കുന്നത് കുറയ്ക്കാനും കുട്ടികളിലെ ദാരിദ്ര്യം ലഘൂകരിക്കാനും കഠിന പ്രയത്‌നമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പുരോഗമന രാഷ്ട്രീയത്തിന്റെ പുതിയൊരു അവതാരപ്പിറവിയെന്നായിരുന്നു ലോകം ജസീന്തയ്ക്കു നല്‍കിയ പരിവേഷം. വോഗ് മാഗസിന്‍ ട്രംപില്‍നിന്ന് ജസീന്തയിലേക്കുള്ള ദൂരം വരച്ചുകാണിച്ചു. വിശുദ്ധ ജസീന്ത എന്നായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വിശേഷണം. അതേസമയം, ജസീന്ത ആര്‍ഡേനെപ്പോലെ മികച്ചൊരു നേതാവിനെ അമേരിക്ക അര്‍ഹിക്കുന്നു എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിലെ എഡിറ്റോറിയലിന്റെ തലക്കെട്ട്.

18-Oct-2020