കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതോടുകൂടി ഡിസംബര്‍ ആദ്യം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ നീക്കം.തെരഞ്ഞെടുപ്പിന്‍രെ തലേദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് നിലവില്‍ കമ്മീഷന്‍ ആലോചിക്കുന്നത്. അതേസമയം തന്നെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടകളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട്.

ഒക്ടോബര്‍ അവസാനത്തോടെ അത് പൂര്‍ത്തിയാക്കുന്നതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ സജ്ജമാകും. ഇതോടൊപ്പം തന്നെ ഉദ്യോഗസ്ഥ പരിശീലനം പൂര്‍ത്തിയായി വരുന്നു. അടുത്ത മാസം ആദ്യത്തോടെ സംസ്ഥാന പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.സംസ്ഥാനത്താകെ ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്പോഴുള്ള പോലീസ് വിന്യാസം തീരുമാനിക്കാനാണ് ഡിജിപിയെ കാണുന്നത്. ഉദ്യോഗസ്ഥ വിന്യാസം ചീഫ് സെക്രട്ടറിമായും സംസാരിക്കും.

1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഡിസംബര്‍ ആദ്യം പോളിംങ് നടത്താനുള്ള ശ്രമങ്ങളാണ് കമ്മീഷന്‍ നടത്തുന്നത്.

18-Oct-2020