കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സി.പി.എം

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയുടെ മൊഴി വാര്‍ത്താസമ്മേളനത്തില്‍ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേസിലെ അന്വേഷണ ഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷവും മൊഴിയെ ആധാരമാക്കി പത്ര സമ്മേളനം നടത്തിയ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നുംസംസ്ഥാന സെക്രട്ടറിയേറ്റ്   പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ ബി.ജെ.പി ഇടപെടുന്നതിന്റെ തെളിവാണ് മുരളീധരന്‍ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും സി.പി.എം പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി മുരളീധരന്റെ ഭാഗത്ത് നിന്ന് അധികാര ദുര്‍വിനിയോഗം ഉണ്ടാകുന്നുവെന്നും സി.പി.എം ആരോപിച്ചു.

കേരളത്തില്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കൂടിയാലോചിച്ചാണ് പല പ്രസ്താവനകളും നടത്തുന്നതെന്നും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നടപടിയാണ് മുരളീധരന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് സ്വതന്ത്രമായ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ ഇതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും സി.പി.എം പറഞ്ഞു.

18-Oct-2020