സഹോദരന്റെ ബി.ജെ.പി പ്രവേശനം; പ്രതികരണവുമായി പുഷ്പന്
അഡ്മിൻ
തന്റെ സഹോദരന് ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തങ്ങളുമായി തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും അതിനെ തുടര്‍ന്ന് അകന്ന് കഴിയുകയും ചെയ്തിരുന്ന ആളാണ് തന്റെ സഹോദരന് പുതുക്കിടി ശശിയെന്ന് പുഷ്പന് പറയുന്നു. നോക്കിയാല്‍ രക്തബന്ധത്തില്‍ ജേഷ്ഠന്-അനിയന് ആണ്. എന്നാല്‍ കുറച്ച് കാലമായിട്ട് ഞങ്ങള്‍ ജേഷ്ഠ്യന്, അനിയന്മാരായിട്ടോ, പെങ്ങള്മാരായിട്ടോ ശശിയേട്ടന് യാതൊരു ബന്ധവുമില്ല.
ധാരാളം അസുഖങ്ങളുള്ള തന്റെ സഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പ്രാദേശിക ബിജെപി നേതാക്കള്‍ക്കായിരിക്കുമെന്നും പുഷ്പന് പറയുന്നു. പുഷ്പന്റെ സഹോദരനായ ശശി കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പിയുടെ കണ്ണൂരിലെ തലശ്ശേരി മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബുവാണ് ശശിയെ പൊന്നാടയണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
പുഷ്പന്റെ വാക്കുകള്‍ ഇങ്ങിനെ:
ശശിയേട്ടന് എന്റെ ജേഷ്ഠ്യന് തന്നെയാണ്. രക്തബന്ധത്തില്‍ ജേഷ്ഠന്-അനിയന് ആണ്. പക്ഷേ കുറച്ച് കാലമായിട്ട് ഞങ്ങള്‍ ജേഷ്ഠ്യന്, അനിയന്മാരായിട്ടോ, പെങ്ങള്മാരായിട്ടോ യാതൊരു ബന്ധവുമില്ല. എന്റെ സഹോദരങ്ങളായ രാജന്റെയും പ്രകാശന്റെയും ശശിയേട്ടന്റെ മകന് ഷിബിന്റെ പേരിലും ചൊക്ലി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും ഞങ്ങള്‍ ജേഷ്ഠന്- അനുജന്മാര്ക്കും സഹോദരിമാര്‍ക്കും ശശിയേട്ടന്റെ മകനായ ഷിബിനും അത് ഉള്‍ക്കൊളളാന്‍ പറ്റിയിരുന്നില്ല.
ചീട്ടുകളിയുടെ സ്വഭാവം ഉണ്ടായിരുന്നു. മദ്യപാനം സ്ഥിരമായി ഉണ്ടായിരുന്ന ആളാണ്. പിന്നെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ അവര്‍ക്ക് പെട്ടെന്നൊരു വിഭ്രാന്തി പോലെയൊക്കെ വരും. ചീട്ടുകളി എപ്പോഴും ഒരു ദൗര്‍ബല്യം ആയിരുന്നു. അതിന്റെ പേരില്‍ രണ്ട് സ്ഥലം വില്‍ക്കേണ്ടി വന്നു ശശിയേട്ടന്. ശശിയേട്ടന് രണ്ട് വൃക്കകള്‍ക്കും ഹാര്‍ട്ടിനും പ്രശ്നമുണ്ട്. കൂടാതെ ഷുഗര്‍ പേഷ്യന്റാണ്. പാന്‍ക്രിയാസിന്റെ അസുഖമുണ്ട്. പൈല്‍സിന്റെ അസുഖം ഉളള ആളുമാണ്. എന്തെങ്കിലും കാരണവശാല്‍ ശശിയേട്ടന് വല്ലതും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതൃത്വത്തിന് ആയിരിക്കും.