കളമശ്ശേരി മെഡിക്കല്‍ കോളേജ്: നഴ്സിംഗ് ഓഫീസര്‍ക്കെതിരെ നടപടി
അഡ്മിൻ
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജിലെ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. കൊവിഡ് ബാധിച്ച രോഗി ഹാരിസ് മരിച്ചത് ഓക്സിജന്‍ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശം അയച്ച നഴ്സിംഗ് ഓഫീസര്‍ ജലജ ദേവിക്കെതിരെയാണ് നടപടി സ്വീകരിച്ചത്.സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ അറിയിച്ചു.
കഴിഞ്ഞ ദിവസം നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹാരിസ് കൊവിഡ് ബാധിച്ച് ആശുപത്രിയിലെ ഐ.സി.യുവിലായിരുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണ കാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും നഴ്സിംഗ് ഓഫീസറുടെ സന്ദേശത്തില്‍ പറയുന്നുണ്ട്.
കളമശ്ശേരി ആശുപത്രിയില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നഴ്സുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. കീഴ്ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും സംഭാഷണത്തില്‍ പ്രതിപാദിക്കുന്നത്. സന്ദേശത്തിന്റെ അവസാനമാണ് ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യം പറയുന്നത്.