പാർത്ഥാസ് ഉടമ സാജൻ്റെ ആത്മഹത്യ; ആന്തൂർ നഗരസഭയ്‌ക്ക്‌ പങ്കില്ല

ആന്തൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പോലീസ് പറയുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാജൻ പാറയിൽ ആത്മഹത്യ ചെയ്‌തതിൽ ആന്തൂർ നഗരസഭാ അധികൃതർക്ക്‌ പങ്കില്ലെന്ന്‌ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.


കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൺവൻഷൻ സെന്ററിന്‌ ലൈസൻസ്‌ ലഭിക്കാൻ വൈകിയതാണ്‌ ആത്മഹത്യയ്‌ക്കു കാരണമെന്നു പറയാനാവില്ല. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌ ലഭിക്കാൻ കാലതാമസമുണ്ടായതിൽ സാജന്‌ മനോവിഷമമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസം, നിർമാണത്തിലെ കെടുകാര്യസ്ഥത, കുടുംബ പ്രശ്‌നങ്ങൾ ഉൾപ്പെടെ മറ്റു വിഷയങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ  വളപട്ടണം സി ഐ എം കൃഷ്‌ണൻ തളിപ്പറമ്പ്‌ ആർഡിഒ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

2019 ജൂൺ 18നാണ്‌ സാജനെ ചിറക്കൽ അരയമ്പേത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. പാർഥ കൺവൻഷൻ സെന്ററിന്‌ സിപിഐ എം നേതൃത്വത്തിലുള്ള ആന്തൂർ നഗരസഭ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌  നൽകാത്തതിൽ മനംനൊന്താണ്‌ ആത്മഹത്യയെന്നായിരുന്നു‌ ആരോപണം. സാജന്റെ മാനേജരും കുടുംബാംഗങ്ങളും ഉന്നയിച്ച ആരോപണം കോൺഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷ രാഷ്‌ട്രീയ പാർടികൾ സർക്കാനും സി പി എമ്മിനും എതിരായ ആയുധമാക്കി മാറ്റി. നിക്ഷേപകർക്കു രക്ഷയില്ലാത്ത നാടായി കേരളം മാറിയെന്നായിരുന്നു പ്രചരണം. തുടർച്ചയായ വ്യാജവാർത്തകളും നുണക്കഥകളുമായി മുഖ്യധാരാ മാധ്യമങ്ങളും ഇതിന്‌ ഇന്ധനം പകർന്നു.

എന്നാൽ, രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കെട്ടിപ്പൊക്കിയ നുണക്കോട്ടകളാകെ തകർക്കുന്നതാണ്‌ അന്വേഷണ  റിപ്പോർട്ട്‌. ആർക്കെതിരെയും പ്രേരണാക്കുറ്റം ചുമത്താൻ കഴിയാത്തതിനാൽ കേസ്‌ അവസാനിപ്പിക്കുന്നതിനുള്ള  റഫർ റിപ്പോർട്ടാണ്‌ തിങ്കളാഴ്‌ച നർക്കോട്ടിക്‌ ഡിവൈഎസ്‌പിയുടെ ചുമതല വഹിക്കുന്ന  വേണുഗോപാൽ മുഖേന ആർഡിഒ കോടതിയിൽ ‌ സമർപ്പിച്ചത്‌.
അസ്വാഭാവിക മരണത്തിന്‌ കേസെടുത്താണ്‌ വളപട്ടണം പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌. സംഭവം വിവാദമായതൊടെ  കണ്ണൂർ നർക്കോട്ടിക്‌ ഡിവൈഎസ്‌പിയായിരുന്ന വി എ കൃഷ്‌ണദാസിന്റെ മേൽനോട്ടത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

ആന്തൂർ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ

പാർഥ കൺവൻഷൻ സെന്ററിന്‌ ഉടമസ്ഥാവകാശ സർട്ടിഫക്കറ്റ്‌ നൽകുന്നതിൽ ആന്തൂർ നഗരസഭയുടെ ഭാഗത്ത്‌ കൃത്യവിലോപമോ നിയമലംഘനമോ ബോധപൂർവമായ അലംഭാവമോ  ഉണ്ടായിട്ടില്ല. കെട്ടിട നിർമാണച്ചട്ടങ്ങളുടെ ലംഘനമാണ്‌ കാലതാമസത്തിനു കാരണമായത്‌.

തുടക്കം മുതൽ ചട്ടലംഘനങ്ങൾ ഉണ്ടായിരുന്നു. നഗരസഭാ ഓവർസിയർമാരും എൻജിനിയറും പലപ്പോഴായി ഇത്‌ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്‌. ജില്ലാ ടൗൺ പ്ലാനറുടെ പരിശോധനയിലും കണ്ടെത്തി. സാജന്റെ മരണശേഷം സംസ്ഥാന ചീഫ്‌ ടൗൺ പ്ലാനർ(വിജിലൻസ്‌) നടത്തിയ വിശദ പരിശോധനയിലും ചട്ടലംഘനങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

കെട്ടിട ലൈസൻസ്‌ നൽകുന്നതിൽ നിയമപരമായി നഗരസഭാ ചെയർമാനോ ഭരണ സമിതിക്കോ പങ്കില്ല.
അത്‌ പൂർണമായും ഉദ്യോഗസ്ഥരുടെ അധികാരാവകാശത്തിൽപ്പെട്ടതാണ്‌. ചെയർമാൻ പി കെ ശ്യാമള ടീച്ചർ ഇടപെട്ടതായി തെളിവുമില്ല.

നഗരസഭാ ഉദ്യോഗസ്ഥർ ശത്രുതാപരമായി പെരുമാറിയാതായോ മനഃപൂർവം ദ്രോഹിച്ചതായോ പറയാനാവില്ല. അവർ അവരുടെ ചുമതലയാണ്‌ നിർവഹിച്ചത്‌. നിയമ/ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ്‌ നൽകുന്നത്‌ ആത്മഹത്യാപ്രേരണയായി കരുതാനാവില്ല.

നോട്ടീസ്‌ നൽകിയ ആദ്യഘട്ടത്തിലാണ്‌ സാജൻ ചെയർപേഴ്‌സണെ നേരിൽ കണ്ടത്‌. അവസാനകാലത്ത്‌ ദിവസങ്ങളോളം നഗരസഭാ ഓഫീസ്‌ കയറിയിറങ്ങേണ്ടിവന്നു എന്നതിന്‌ ഫോറൻസിക്‌ വിഭാഗം പരിശോധിച്ച സിസിടിവി ‌ടിവി ദൃശ്യങ്ങളിലും തെളിവു കണ്ടെത്താനായില്ല.

കൺവൻഷൻ സെന്റർ നിർമാണത്തിൽ ഗുരുതര കെടുകാര്യസ്ഥതയുണ്ടെന്നു വ്യക്തം. ഭാര്യയും മറ്റു ബന്ധുക്കളും മാനേജരും പറഞ്ഞത്‌ 18 കോടി രൂപയോളം ചെലവായെന്നാണ്‌. എട്ടു കോടിക്കപ്പുറം ചെലവു വരില്ലെന്ന് കെട്ടിട രൂപകൽപ്പന നിർവഹിച്ച ആർക്കിടെക്ട്‌ തന്നെ മൊഴി നൽകിയിട്ടുണ്ട്‌.

 പ്രകടമായ സാമ്പത്തിക  പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കിലും വില്ലകൾ പ്രതീക്ഷിച്ച വിലയ്‌ക്ക്‌ വിറ്റുപോകാത്തതിൽ സാജന്‌ വിഷമമുണ്ടായിരുന്നു. മരിക്കുന്നതിന്‌ തലേന്ന്‌ ഒരു വില്ല‌ വിലയുറപ്പിച്ചത്‌ 48 ലക്ഷത്തിനാണ്‌. മുമ്പ്‌ 75 ലക്ഷം വരെ വില പറഞ്ഞിരുന്നതാണിത്‌.

കുടുംബപരമായ ചില പ്രശ്‌നങ്ങളും സാജനെ അലട്ടിയിരുന്നു.

19-Oct-2020