ചെന്നിത്തല ഒരുകോടിരൂപ കോഴപ്പണം വാങ്ങിയത് കെപിസിസിക്ക് വേണ്ടി

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ബാർ ലൈസൻസ്‌ പുതുക്കാൻ‌ രമേശ്‌ ചെന്നിത്തലയുടെ ആവശ്യപ്രകാരം കെപിസിസി ഓഫീസായ ഇന്ദിരാഭവനിൽ ബിജു രമേശ് എത്തിച്ച കോഴപ്പണമായ ഒരുകോടി രൂപ, കെപിസിസി ആവശ്യങ്ങൾക്ക് വിനിയോഗിക്കാനായിരുന്നു എന്ന് രമേശ് ചെന്നിത്തലയുടെ ക്യാമ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നു.

രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ ആവശ്യത്തിനായാണ് കോഴപ്പണം കൈപ്പറ്റുന്നതെങ്കിൽ ഔദ്യോഗിക വസതിയിൽ കൊണ്ടുവരാനാണ് സാധാരണ പറയാറ്. പരസ്യമായി കെപിസിസി  ഓഫീസിലുള്ള നേതാക്കളും ജീവനക്കാരും കാൺകെയാണ് ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ ഓഫീസ്‌ സെക്രട്ടറിയായിരുന്ന സന്തോഷും മാനേജരായിരുന്ന രാധാകൃഷ്‌ണനും പണവുമായി ചെന്നിത്തലയുടെ അടുക്കൽ എത്തിയത്. അത് കെപിസിസി ഫണ്ടിലേക്ക് കോഴപ്പണം കൈപ്പറ്റുന്ന രീതിയാണെന്ന് നേതാക്കൾ സമ്മതിക്കുന്നു.

ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷന്റെ ഒരുകോടിരൂപ കോഴപ്പണം ഇന്ദിരാഭവനിൽ കൊണ്ടുവരുമ്പോൾ അന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റിന്റെ റൂമിൽ ആയിരുന്നു ഉണ്ടായിരുന്നത്. കെപിസിസി പ്രസിഡന്റിന്റെ മേശപ്പുറത്ത് പണമടങ്ങിയ ബാഗ് വെക്കാനാണ് ചെന്നിത്തല നിർദേശിച്ചത് എന്നാണ് ഐ ഗ്രൂപ്പ് വക്താക്കൾ പറയുന്നത്. കെപിസിസി ഓഫിസിൽ നിന്നും ചെന്നിത്തല ഇറങ്ങുമ്പോൾ കോഴപ്പണമടങ്ങുന്ന പെട്ടി കൈകളിൽ ഉണ്ടായിരുന്നില്ല. ആ തുക കെപിസിസി പ്രസിഡന്റിന്റെ റൂമിൽ നിന്നും ചെന്നിത്തല എടുത്തിട്ടില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് എന്ന് ഐ ഗ്രൂപ്പ് നേതാക്കൾ വിശദീകരിക്കുന്നു. കെപിസിസിക്ക് വേണ്ടി വാങ്ങിയ കോഴപ്പണത്തിന്റെ ഉത്തരവാദിത്തം ചെന്നിത്തലയുടെ മാത്രം തലയിൽ കെട്ടിവെക്കാനുള്ള നീക്കം ചെന്നിത്തലയുടെ പ്രതിച്ഛായ ഇല്ലാതാക്കാനാണെന്നാണ് നേതാക്കൾ പറയുന്നത്.

ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഒരുങ്ങുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുകോടി രൂപയുടെ  കോഴ ആരോപണത്തിന്റെ മുകളിൽ ഒരു പ്രതികരണവും നടത്താൻ തയ്യാറാവുന്നില്ല. കോഴവാങ്ങിയില്ല എന്ന് പറഞ്ഞാൽ സിസി ടിവി ദൃശ്യങ്ങൾ സഹിതമുള്ള തെളിവുകൾ പുറത്തുവരുമെന്ന ഭീതിയാണ് ചെന്നിത്തലയ്ക്ക് ഉള്ളത്.

20-Oct-2020