കേരളത്തില്‍ പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന് തുടക്കം കുറിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 16.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കുമായി ചേര്‍ന്ന് വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ കരാറിലേര്‍പ്പെട്ടു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രോണിക് ടിക്കറ്റ് മിഷനുകള്‍ വാങ്ങുന്നതിനുള്ള ടെന്റര്‍ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇത് കൂടാതെ യാത്രാക്കാര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനൊപ്പം പേയ്‌മെന്റുകള്‍ നടത്തുന്നതിനും, വിവിധ മൂല്യത്തിലുള്ള സേവനങ്ങള്‍ ലഭിക്കുന്നതിനുമുള്ള സ്മാര്‍ട്ട് കാര്‍ഡുകളും കെഎസ്ആര്‍ടിസി അവതരിപ്പിക്കും.
അടുത്ത മാര്‍ച്ച് 31 ന് അകം തന്നെ ജിപിആര്‍എസ്, ആര്‍എഫ്‌ഐഡി, ബ്ലൂടൂത്ത് തുടങ്ങിയവ ലഭ്യമായ 5500 എണ്ണം ഇടിഎമ്മുകള്‍ കെഎസ്ആര്‍ടിസിയില്‍ ലഭ്യമാക്കും. രണ്ട് വര്‍ഷത്തിനകം പൂര്‍ണമായും കമ്പ്യൂട്ടര്‍ വത്കരണം നടത്തുന്ന കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനും , യാത്രാക്കാര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സഞ്ചാര അനുഭവം ലഭ്യമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.