സാധാരണ തെരഞ്ഞെടുപ്പ് അത്ര അടുത്ത് എത്തുമ്പോഴാണ് സീറ്റിനായി തര്‍ക്കം കാണുന്നത് എങ്കില്‍ യു.ഡി.എഫില്‍ അത് ഇപ്പോഴേ തുടങ്ങി. ജോസ് കെ. മാണി വിഭാഗത്തിന്റെ സീറ്റുകള്‍ പി.ജെ ജോസഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ, നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്. യുഡിഎഫ് കണ്‍വീനറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്.
ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിക്കുകയും ചെയ്തു. മലബാറില്‍ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. 23 ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങും.
കരുനാഗപ്പള്ളി, അമ്പലപ്പുഴ, പൂഞ്ഞാര്‍, പേരാമ്ബ്ര, കൂത്തുപറമ്പ് അല്ലെങ്കില്‍ തളിപറമ്പ്, പട്ടാമ്പി അല്ലെങ്കില്‍ ഒറ്റപ്പാലം സീറ്റുകള്‍ നല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം. എംഎം ഹസന്‍ പാണക്കാട് എത്തിയപ്പോഴാണ് ലീഗ് ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്.