അമ്മമാരിലും കുട്ടികളിലും പകുതിയോളം പേർ വിളർച്ച നേരിടുന്നു
അഡ്മിൻ
ഇന്ത്യയുടെ ഗ്രാമീണമേഖലയിൽ നാലിൽ മൂന്ന് പേർക്കും പോഷകാഹാരത്തിനായി ചെലവിടാനുള്ള വരുമാനമില്ലെന്ന് പഠനറിപ്പോർട്ട്. ഗ്രാമീണമേഖലയിലെ ഭക്ഷ്യവിലയും വരുമാനവും താരതമ്യം ചെയ്‌താണ് ഈ നിഗമനത്തിലെത്തിയത്. ഇന്ത്യയിലെ അമ്മമാരിലും കുട്ടികളിലും പകുതിയോളം പേർ വിളർച്ച നേരിടുന്നുവെന്നും ഡൽഹി കേന്ദ്രമായ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണത്തിലെ റിപ്പോർട്ട് വെളിപ്പെടുത്തി.
പ്രീസ്‌കൂൾ കുട്ടികളിൽ 38 ശതമാനം പേർ വളർച്ച മുരടിച്ചവരാണ്. 21 ശതമാനം പേർക്ക് മതിയായ തൂക്കമില്ല. ഗ്രാമീണമേഖലാ വരുമാനത്തിൽ ഉണ്ടാകുന്ന വർധന തൊഴിലാളികളുടെ ഭക്ഷ്യആവശ്യങ്ങൾ ശരിയായ രീതിയിൽ നിറവേറ്റാൻ പര്യാപ്‌തമല്ല.
പുരുഷതൊഴിലാളികളിൽ 60 ശതമാനത്തോളം പേർക്കും സ്‌ത്രീത്തൊഴിലാളികളിൽ 80 ശതമാനത്തോളം പേർക്കും പോഷകാഹാരത്തിനുള്ള ചെലവ് താങ്ങാനാകുന്നില്ലെന്നും കല്യാണി രഘുനാഥൻ, ഡെറക് ഡി ഹീഡെ, അന്ന ഹെഫോർത്ത് എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുപോലും പുറകില്‍ 94–-ാം സ്ഥാനത്താണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ട് വന്നിരുന്നു.