കശ്മീര്‍ ടൈംസിന്റെ ഓഫീസ് അടച്ചുപൂട്ടി മുദ്രവെച്ചു

അറിയപ്പെടുന്ന കശ്മീരി ദിനപത്രമായ കശ്മീര്‍ ടൈംസിന്റെ ഓഫീസ് അടച്ചുപൂട്ടി മുദ്രവെച്ചു. എസ്റ്റേറ്റ് ഡിപാര്‍ട്മെന്‍റാണ് (ഇ.ഡി) ഓഫീസ് സീല്‍ ചെയ്തത്. ശ്രീനഗറിലെ മുഖ്യ ഓഫിസ് കാരണം പോലും വ്യക്തമാക്കാതെ അടച്ചുപൂട്ടുകയായിരുന്നു. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പ്രതികാര നടപടിയാണിതെന്ന് എക്സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ പറഞ്ഞു. 'നോട്ടീസോ മുന്നറിയിപ്പോ ഒന്നും നല്‍കാതെയാണ് എസ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് നടപടി.

എന്നെ ജമ്മുവിലെ ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിച്ചതിന് സമാനമാണ് ഈ നടപടി. എന്‍റെ വിലപിടിച്ച വസ്തുക്കള്‍ ഉള്‍പ്പെടെ പുതിയ താമസക്കാര്‍ക്ക് കൈമാറുകയാണുണ്ടായത്. തുറന്നുപറച്ചിലിനോടുള്ള പകയാണിത്'- രണ്ട് മാസം മുന്‍പ് ജമ്മുവിലെ ഔദ്യോഗിക വസതിയില്‍ തന്നെ ഒഴിപ്പിച്ചതിനെ കുറിച്ച് അനുരാധ ഭാസിന്‍ പറഞ്ഞു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്കും കടിഞ്ഞാണിടാന്‍ ശ്രമം നടന്നു. മാധ്യമ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പകപോക്കുകയാണ് സര്‍ക്കാര്‍. താന്‍ കോടതിയെ സമീപിച്ച അന്ന് തന്നെ പത്രത്തിനുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നിലച്ചെന്നും അനുരാധ ഭാസിന്‍ പറഞ്ഞു.

എന്നാല്‍ സാധാരണ നടപടിക്രമം മാത്രമാണ് ഉണ്ടായതെന്നാണ് ഇ.ഡിയുടെ വിശദീകരണം. പത്രത്തിന്‍റെ സ്ഥാപകനായ വേദ് ഭാസിനാണ് രണ്ട് കെട്ടിടങ്ങള്‍ കൈമാറിയത്. ഒന്ന് പത്ര ഓഫീസ്, മറ്റൊന്ന് ഔദ്യോഗിക വസതി. വേദ് ഭാസിന്‍ കുറച്ച് വര്‍ഷം മുന്‍പ് അന്തരിച്ചു. ഓഫീസ് ഒഴിയണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്ന് ഇ.ഡി ഡപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അസ്‍ലം പറഞ്ഞു.

20-Oct-2020