ഹത്രാസ്:പോലീസ് വാദത്തെ എതിര്‍ത്ത ഡോക്ടര്‍ക്കെതിരെ നടപടി

യു.പിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പോലീസ് വാദത്തെ പരസ്യമായി എതിര്‍ത്ത ഡോക്ടര്‍ക്കെതിരെ നടപടി.
സംഭവ ശേഷം പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അസീം മാലിക്കിനെതിരെയാണ് വകുപ്പുതല നടപടിയായി ആശുപത്രിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 16 ന് അദ്ദേഹത്തെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.

ഇതിനുപിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു. ഹത്രാസ് കേസില്‍ പോലീസ് വാദങ്ങളെ പരസ്യമായി തള്ളിയതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെന്നാണ് ഡോക്ടറുടെ വാദം. കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടറെന്ന നിലയില്‍ ഈ വാദത്ത എതിര്‍ത്ത് അസീം രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടി പീഡനത്തിനിരയായി 11 ദിവസത്തിന് ശേഷമാണ് സാമ്പിള്‍ ലാബോറട്ടറി പരിശോധനയ്ക്കായി അയച്ചതെന്നും സംഭവം നടന്ന് 90 മണിക്കൂറിന് ശേഷം തെളിവ് ഇല്ലാതാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആശുപത്രി റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

21-Oct-2020