ലോക്ക്ഡൌണിന് ശേഷം സംസ്ഥാനത്തേക്ക് പുതിയതായി എത്തിയത് 20 ഐ. ടി കമ്പനികൾ
അഡ്മിൻ
കോവിഡ് മഹാമാരിയും അതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനും ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐ. ടി കമ്പനികൾ. സംസ്ഥാനത്ത്മുന്‍പേ തന്നെ പ്രവർത്തിക്കുന്ന അഞ്ച് കമ്പനികൾ വികസനത്തിന്റെ ഭാഗമായി കൂടുതൽ സ്ഥലം ആവശ്യപ്പെടുകയും ഇതോടൊപ്പം ചെയ്തിട്ടുണ്ട്. 20 പുതിയ കമ്പനികൾ വന്നതോടെ മുന്നൂറിലധികം പേർക്കാണ് പുതിയതായി തൊഴിൽ ലഭിച്ചത്.
ഇനി വരുന്ന നൂറു ദിവസത്തിനുള്ളിൽ ടെക്നോപാർക്കിൽ 500 ഉം ഇൻഫോപാർക്കിൽ ആയിരവും സൈബർപാർക്കിൽ 125ഉം പുതിയ തൊഴിലവസരങ്ങൾ സൃഷടിക്കപ്പെടുമെന്നാണ്പ്രതീക്ഷിക്കപ്പെടുന്നത്. ടെക്‌നോസിറ്റിയിലെ ഐ. ടി കെട്ടിട സമുച്ചയം, ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐ. ടി കെട്ടിടം, ടെക്‌നോസിറ്റിയിലും ടെക്‌നോപാർക്ക് ഒന്നാം ഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇൻഫോപാർക്കിലെ ബ്രിഗേഡ് കാർണിവൽ, ലുലു കമ്പനികളുടെ പദ്ധതികൾ എന്നിവയാണ് ഐ. ടി മേഖലയിൽ കേരളത്തിലെ പ്രധാനപ്പെട്ട പുതിയ പദ്ധതികൾ.
അതേസമയം ടെക്‌നോപാർക്കിൽ നിലവിൽ പ്രവർത്തിക്കുന്ന വിൻവിഷ് എന്ന കമ്പനി ഒരു ഏക്കറിൽ ഐ. ടി കാമ്പസ് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നൂറു കോടി രൂപയുടെ പദ്ധതിയാണിത്. കൂടുതൽ കമ്പനികൾ കേരളത്തിലേക്ക് വരുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.സമാനമായി ടെക്‌നോസിറ്റിയിൽ നൂറു കോടി മുതൽ മുടക്കിൽ രണ്ടു ലക്ഷം ചതുരശ്രഅടിയിൽ നിർമിക്കുന്ന സർക്കാർ ഐ. ടി കെട്ടിടം ഈ വർഷം ഡിസംബറിൽ കമ്മീഷൻ ചെയ്യും.
നിർമ്മാണം പൂർത്തിയാക്കിയ കൊരട്ടി ഇൻഫോപാർക്ക്, ഐ ബി എസിന്റെ ഐടി കാമ്പസ് എന്നിവയുടെ പ്രവർത്തനം അടുത്ത വർഷത്തോടെ ആരംഭിക്കും. കാസ്പിയൻ ടെക്നോളജി പാർക്ക്, മീഡിയ സിസ്റ്റം ഇന്ത്യാ സൊല്യൂഷൻസ്, കോഴിക്കോട് സൈബർപാർക്കിൽ പ്ലഗ്ഗ് ആന്റ് പ്ലേ ബിസിനസ്സ് ഓഫീസ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.