യുഎപിഎ ഭേദഗതി ചെയ്‌താല്‍ പോര, പൂർണമായി പിൻവലിക്കണം: സീതാറാം യെച്ചൂരി
അഡ്മിൻ
രാജ്യത്ത് യുഎപി, രാജ്യദ്രോഹനിയമങ്ങള്‍ എന്നിവ പിൻവലിപ്പിക്കാൻ വിവിധ രാഷ്ട്രീയപാർടികളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും കൂട്ടായ മുന്നേറ്റം ഉയര്‍ന്നുവരണം എന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാ. സ്റ്റാൻ സ്വാമി, വരവര റാവു എന്നിവര്‍ ഉള്‍പ്പെടെ 16 പേരെ ഭീമ കൊറെഗാവ്കേസിൽ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പിയുസിഎൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ യുപിഎ സർക്കാർ യുഎപിഎ കൊണ്ടുവന്നപ്പോൾ തന്നെ സി.പി.എം അതിനെ എതിർത്തതാണ്. കൊളോണിയല്‍ ഭരണകാലത്തെ കിരാതനിയമമാണ് നമ്മുടെ രാജ്യത്ത് രാജ്യദ്രോഹത്തിന്റെ പേരിലുള്ളത്. അതുകൊണ്ടുതന്നെ യുഎപിഎ ഭേദഗതി ചെയ്തതുകൊണ്ട് മാത്രമൊരു പ്രയോജനമില്ല.അത് പൂർണമായി പിൻവലിക്കണം. ഭീകരവാദത്തെ നേരിടാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണം. കേന്ദ്രസർക്കാരിനെ വിമർശിക്കുകയും സർക്കാർ നയങ്ങളോട് വിയോജിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ, എംപിമാരായ കനിമൊഴി(ഡി.എം.കെ), സുപ്രിയ സുലെ(എൻ.സി.പി), ശശി തരൂർ(കോൺഗ്രസ്), സാമ്പത്തിക വിദഗ്ധൻ ജീൻ ഡ്രയാസ്, ഫാ. മരിയാനൂസ് കുജൂർ, ആദിവാസി പ്രവർത്തക ദയാമണി ബാർല, അഡ്വ. മിഹിർ ദേശായ് എന്നിവരും സംസാരിച്ചു.