പാട്ട് നിര്‍ത്തുന്നു എന്നോ മലയാളത്തില്‍ പാടില്ലെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല

മലയാള സിനിമയില്‍ താന്‍ ഇനി പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ്. ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞകാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും വിജയ് യേശുദാസ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'പാട്ട് നിര്‍ത്തുകയാണെന്നോ, മലയാളത്തില്‍ പാടില്ലെന്നോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. സംഗീതജ്ഞര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന വേണമെന്നാണ് പറഞ്ഞത്. എല്ലാവര്‍ക്കും വേണ്ടിയായിരുന്നു അങ്ങനെ പറഞ്ഞത്', വിജയ് യേശുദാസ് പറഞ്ഞു

വിജയ് യേശുദാസിന്റെ വാക്കുകള്‍ ഇങ്ങിനെ:

'വാട്‌സ്ആപ്പ് ഒരു ന്യൂസ് ചാനല്‍ ആയി മാറിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിച്ചത്. അത് അവരുടെ മാര്‍ക്കറ്റിങ് രീതിയായിരിക്കാം. ആ ആര്‍ട്ടിക്കിള്‍ മുഴുവനായി വായിച്ചാല്‍ മനസിലാകും ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന്.

അത് വായിപ്പിക്കാന്‍ വേണ്ടിയാണല്ലോ ഇങ്ങനെ ഒരു തലക്കെട്ട് അവര്‍ കൊടുത്തത്. ആ ഒരു ഭാഗം മാത്രമെടുത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്നൊക്കെ പ്രചരിപ്പിച്ചു. ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, മലയാളത്തില്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. മലയാള ഗാനങ്ങള്‍ കുറച്ചുകൂടി സൂക്ഷിച്ച് തെരഞ്ഞെടുക്കും എന്നായിരുന്നു പറഞ്ഞത്.

അര്‍ഹിക്കുന്ന പരിഗണനയാണ് ലഭിക്കേണ്ടത്. എനിക്ക് ചുമ്മാ കുറേ പൈസ വാരിത്തരൂ എന്ന് ഞാന്‍ പറയുന്നില്ല, ചെയ്യുന്നില്ല ജോലിക്ക് എനിക്ക് കറക്ട് ആയി തന്നാല്‍ മതി എന്നാണ് പറയുന്നത്. നല്ല ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്.

ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെ.'

22-Oct-2020