കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി പ്രാദേശിക വിഷയത്തില്‍ അഭിപ്രായം പറയേണ്ടെന്ന് ചെന്നിത്തല
അഡ്മിൻ
ദേശീയ നേതാവായ രാഹുല്‍ ഗാന്ധി പ്രാദേശിക വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ ആളുണ്ട്. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഇന്ന് രമേശ് ചെന്നിത്തല.
രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് വരുമ്പോള്‍ പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം.കാര്യങ്ങള്‍ പറയാന്‍ ഞങ്ങളൊക്കെയുണ്ട്. അദ്ദേഹം ആ നിലയില്‍ നിന്ന് കൊണ്ട് പറഞ്ഞാല്‍ മതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചത്. അതില്‍ എല്ലാമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സംസ്ഥാന-ജില്ലാ തലങ്ങളിലാണ് കൊവിഡ് പ്രതിരോധം നടക്കേണ്ടത്. അതില്‍ കേരളവും വയനാടും വിജയമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.