അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി മഹാസഖ്യം അധികാരത്തിലേറിയാല്‍ ഭരണത്തിന്റെ ഭാഗമാകില്ലെന്ന് സി.പി.ഐ.എം.എല്‍. സംഘപരിവാറിനെ പരാജയപ്പെടുത്താനാണ് തങ്ങള്‍ ആദ്യമായി മഹാസഖ്യത്തിന്റെ ഭാഗമായതെന്ന് സി.പി.ഐ.എം.എല്‍ ലിബറേഷന്‍ പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍ പറയുന്നു. ‘ഞങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം. ആ ശക്തി ബി.ജെ.പി വിരുദ്ധതയ്ക്ക് ശക്തിപകരാന്‍ പിന്തുണയാകും. മഹാസഖ്യം അധികാരത്തിലെത്തിയാലും ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാകില്ല. മന്ത്രിസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല. എന്നാല്‍ സര്‍ക്കാരിന് മാര്‍ഗ നിര്‍ദേശം നല്‍കാനും ഇടപെടാനും ഞങ്ങളുണ്ടാകും,’ - കവിതാ കൃഷ്ണന്‍ പറഞ്ഞു.
നിരന്തരമായ ഭൂസമരങ്ങളിലൂടെയും ദളിതുകളുടെ അവകാശ പോരാട്ടങ്ങളിലൂടെയുമാണ് ബീഹാറിന്റെ മണ്ണില്‍ സി.പി.ഐ.എം. എല്‍ പടര്‍ന്നത്. നിലവിലെ ആര്‍.ജെ.ഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പാര്‍ട്ടിയുടെ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
സംസ്ഥാനത്ത് വെറും മൂന്ന് എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ ഒറ്റയാള്‍ പോരാട്ടം എവിടെയുമെത്തില്ലെന്ന് കണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ മഹാസഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പിലേക്ക് എത്തിയതെന്നും കവിതാ കൃഷ്ണന്‍ അറിയിച്ചു. പ്രതിപക്ഷമായ മഹാസഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലേക്കാണ് സി.പി.ഐ.എം.എല്‍ ഇത്തവണ ബീഹാറില്‍ മത്സരിക്കുന്നത്.
നാല് ദശാബ്ദമായി പാര്‍ട്ടിയെന്ന നിലയില്‍ സി.പി.ഐ.എം.എല്‍ ബീഹാര്‍ രാഷ്ട്രീയത്തിലുണ്ട്. ദളിതുകള്‍ക്കിടയില്‍ വോട്ടവാകാശത്തെക്കുറിച്ചുള്ള പ്രാധാന്യം ഉറപ്പുവരുത്തുന്നതിലും സി.പി.ഐ.എം.എല്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.എന്നാല്‍ നക്‌സലിസം തിരിച്ച് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബീഹാറില്‍ ആര്‍ജെഡി സി.പി.ഐ.എംഎല്ലിനെ സഖ്യത്തിലുള്‍പ്പെടുത്തിയതെന്നും ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്.