പോലീസ് സേനയെ മികവുറ്റതാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു
അഡ്മിൻ
കേരള പോലീസ് അക്കാഡമിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും വിവിധ സർവകലാശാലകളുടെ സഹകരണത്തോടെ സംസ്ഥാന പോലീസ് സേനയെ മികവുറ്റതാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പോലീസ് അക്കാഡമി സംഘടിപ്പിച്ച രണ്ടാമത് പോലീസ് സയൻസ് കോൺഗ്രസ് വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ച അന്വേഷണ ഏജൻസി എന്ന കേരള പോലീസിന്റെ റെക്കോഡ് കൂടുതൽ മികവുറ്റതാക്കുന്നതിനുള്ള പരിശീലനം ഉൾപ്പെടുത്തും.
ഫോറൻസിക് സയൻസിൽ ബിരുദാനന്തരബിരുദ കോഴ്‌സും അപ്ലൈഡ് ക്രിമിനോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്‌സും കോഴിക്കോട് സർവകലാശാലയുമായി സഹകരിച്ച് ആരംഭിച്ചിട്ടുണ്ട്. ഡാറ്റ സയൻസ്, ഫോറൻസിക് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദ കോഴ്‌സുകൾക്ക് കുസാറ്റുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിൽ അഞ്ച് സീറ്റുകൾ പോലീസുകാർക്കായി സംവരണം ചെയ്യും. നുവാൽസുമായി ചേർന്ന് നിയമസംബന്ധ കോഴ്‌സ് തുടങ്ങുന്നതിനും ധാരണപത്രം ഒപ്പുവച്ചു. ഫോറൻസിക് സയൻസ്, ദുരന്തനിവാരണം, പരിസ്ഥിതി ശാസ്ത്രം, ഫോറൻസിക് സയൻസിൽ ഗവേഷണം എന്നിവയ്ക്കായി എം. ജി സർവകലാശായുമായി ചർച്ച നടക്കുകയാണ്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് കോഴ്‌സ് നടത്തുന്നതും പരിഗണനയിലുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളുടെ പോലീസായി പ്രവർത്തിക്കുന്നതിൽ കേരള പോലീസ് മികവു കാട്ടി. പ്രളയത്തിലും പേമാരിയിലും മണ്ണിടിച്ചിലിലും ഏറ്റവുമൊടുവിൽ കോവിഡ് കാലത്തും നമുക്ക് അത് വ്യക്തമായി. കോവിഡ് ലോക്ക്ഡൗണിൽ ജനങ്ങൾക്ക് വേണ്ട അവശ്യ വസ്തുക്കൾ എത്തിക്കാനും മരുന്നുകൾ കൊണ്ടുകൊടുക്കുന്നതിനും പോലീസ് തയ്യാറായി. ജനതാത്പര്യം സംരക്ഷിക്കാൻ വേണ്ട നടപടികൾ കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.