സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാന്‍ ഇടത് മുന്നണി ഒരുങ്ങുന്നു

കേരളത്തില്‍ ഉടന്‍തന്നെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഊർജിതമാക്കി ഇടതുമുന്നണി രംഗത്ത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കാൻ ഇടതുമുന്നണി യോഗം ഉപസമിതിയെ നിയോഗിച്ചു.

അതോടൊപ്പം തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. ഇപ്പോഴുള്ള പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും. യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങളടക്കം യോഗത്തില്‍ ചര്‍ച്ചക്ക് വരും. അടുത്തമാസം പത്തിന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് നിലവില്‍ ഇടതുമുന്നണിയുടെ വിലയിരുത്തൽ. അങ്ങിനെ വന്നാല്‍ ഡിസംബർ ആദ്യവാരം തെരഞ്ഞെടുപ്പും ഉണ്ടാകും.

മുന്നണിയിലേക്ക് പുതിയതായി വന്ന ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ കൂടി ഉള്‍പ്പെടുത്തി
ഏതാനും ദിവസങ്ങൾക്കുള്ളിൽ സീറ്റുവിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കാനാണ് നിർദ്ദേശം. മറ്റെല്ലാം മാറ്റി നിര്‍ത്തി വിജയസാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡം.

23-Oct-2020