ആനത്തലവട്ടത്തെ പറ്റിച്ച് ഏഷ്യാനെറ്റിന്റെ വിലകുറഞ്ഞ അവതരണം
അഡ്മിൻ
സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ നാണംകെട്ട കളിയുമായി വീണ്ടും ഏഷ്യാനെറ്റ് ന്യൂസ്. ഇന്നലെ ഏഷ്യാനെറ്റ് ചർച്ചയുടെ ആമുഖാവതരണ സമയത്ത് കഴിഞ്ഞ ദിവസം ചർച്ചയിൽ പങ്കെടുത്ത സിപിഐ എം പ്രതിനിധി വി പി പി മുസ്തഫയെ അപമാനിച്ചുകൊണ്ട് ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോൺ സംസാരിച്ചിരുന്നു. ചർച്ചയിൽ പങ്കെടുത്ത സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ആനത്തലവട്ടം ആനന്ദൻ വിനുവിന്റെ ആരോപണങ്ങൾക്ക് ഉചിതമായ മറുപടി നൽകിയില്ല എന്ന് ഇടതുപക്ഷ അനുഭാവികൾ തന്നെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും വിമർശനമുന്നയിക്കുമ്പോഴാണ് വിനു വി ജോൺ ആമുഖാവതരണം നടത്തിയത് കേൾക്കാതിരിക്കാൻ ആനത്തലവട്ടത്തിന്റെ ഇയർഫോൺ കണക്ഷൻ വിച്ഛേദിച്ചു എന്ന വസ്തുത പുറത്തുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ആനത്തലവട്ടം ആനന്ദൻ പങ്കാളിയായത് എ കെ ജി സെന്ററിൽ വെച്ചായിരുന്നു. ആനത്തലവട്ടം എ കെ ജി സെന്ററിൽ ഇരുന്ന് ചർച്ചയിൽ പങ്കാളിയാവുന്ന സമയത്ത് ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ നിന്നും അവതാരകനും ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവരും സംസാരിക്കുന്ന ശബ്ദം കേൾക്കാനുള്ള ഇയർഫോൺ സംവിധാനം വിച്ഛേദിക്കുകയായിരുന്നു.
വിനു വി ജോണിന്റെ വിവാദമായ ആമുഖാവതരണം കഴിഞ്ഞപ്പോഴാണ് ആനത്തലവട്ടത്തിന് ചർച്ചയിൽ പങ്കാളികളാവുന്നവരുടെ ശബ്ദം കേൾക്കാനും സംസാരിക്കാനും സൗകര്യം ഒരുക്കിയത്. അവതാരകനായ വിനു വി ജോണിന്റെ അവതരണം കേൾക്കാത്തതിനാൽ അതിന്മേൽ മറുപടി നൽകാൻ ആനത്തലവട്ടത്തിന് സാധിച്ചുമില്ല. അതാണ് ഇടതു അനുഭാവികളിൽ പ്രതിഷേധം ഉയർത്തിയത്.
വിനു വി ജോണിന്റെ ആമുഖാവതരണം കേട്ടിരുന്നു എങ്കിൽ ഉചിതമായ മറുപടി അപ്പോൾ തന്നെ നൽകുമായിരുന്നു എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ നെല്ലിനോട് പറഞ്ഞു.
സിപിഐ എം പ്രതിനിധികളെ ഏഷ്യാനെറ്റ് ന്യൂസ് സ്റ്റുഡിയോയിൽ കൊണ്ടുവന്ന് ചർച്ചയിൽ പങ്കെടുപ്പിക്കുന്നത് ഏഷ്യാനെറ്റ് ഇഷ്ടപ്പെടുന്നില്ല. സ്റ്റുഡിയോയിൽ ഇരുന്ന് ചർച്ച നടത്തിയാൽ വസ്തുതകൾ വളച്ചൊടിച്ച് ചർച്ച നടത്തുന്ന വിനുവിനെയും മറ്റ് അവതാരകരെയും സിപിഐ എം പ്രതിനിധികൾ തുറന്നുകാട്ടും എന്നതിനാലാണ് ഇത്തരത്തിലുള്ള നിലപാട് ഏഷ്യാനെറ്റും വിനു വി ജോണും എടുക്കുന്നത്.
സിപിഐ എം പ്രതിനിധികളെ എ കെ ജി സെന്ററിൽ നിന്നോ, സ്റ്റുഡിയോക്ക് പുറത്ത് മറ്റെവിടെയെങ്കിലും വെച്ചോ ലൈവ് ആയി ഏഷ്യാനെറ്റ് ചർച്ചയിൽ പങ്കെടുപ്പിച്ചാൽ വിനുവിന് ആവശ്യമായ സമയത്ത് ശബ്ദവും ദൃശ്യവും വിച്ഛേദിക്കാൻ സാധിക്കും. അതിനാലാണ് ലൈവ് സംവിധാനങ്ങൾ കൊണ്ടുവന്ന് എ കെ ജി സെന്ററിൽ നിന്നും സിപിഐ എം പ്രതിനിധികളെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നത്.
ഏത് വിധേനയും സിപിഐ എമ്മിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഏഷ്യാനെറ്റിന്റേയും വിനു വി ജോണിനെ പോലുള്ള അവതാരകരുടെയും വിലകുറഞ്ഞ മാധ്യമ പ്രവർത്തന രീതിയാണ് ഇതിലൂടെ പുറത്തുവരുന്നത്.
23-Oct-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ