രാജ്യം കടന്ന് പോകുന്നത് ഗുരുതരമായ പട്ടിണിയിലൂടെ: മഹുവ മൊയ്ത്ര എം.പി
അഡ്മിൻ
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണന ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കുമെന്ന് വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇന്ത്യയുടെ ആഗോള പട്ടിണി സൂചിക സ്കോര്‍ 27.2 ആണെന്ന് പറഞ്ഞ മൊയ്ത്ര രാജ്യം ഗുരുതരമായ പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി.
അതേസമയം പാകിസ്താനേയും ബംഗ്ലാദേശിനേയും കടത്തിവെട്ടി ഇന്ത്യയില്‍ പട്ടിണി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. നിലവിലെആഗോള പട്ടിണി സൂചിക(ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്സ് 2020 )അനുസരിച്ച് ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്. മഹാമാരിയായ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരിക്കുന്നത്.
മൂന്നാം ലോക (വികസ്വര) രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.