വർഗീയതക്കെതിരെയുള്ള പോരാട്ടമാക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ മാറ്റുക എൽ.ഡി.എഫ് ലക്‌ഷ്യം: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
വർഗീയതക്കെതിരെയുള്ള പോരാട്ടമാക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ മാറ്റുക എന്നതാണ് എൽ.ഡി.എഫ് ലക്‌ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനമാകെ വർഗീയ ധ്രുവീകരത്തിന് യു.ഡി.എഫ് ശ്രമിക്കുമ്പോൾ മതനിരപേക്ഷ നിലപാടുള്ള കക്ഷികളെയാണ് ഇടത് മുന്നണി സ്വാഗതംചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വർഗീയശക്തികളുമായി ചേർന്ന് ഒരു പഞ്ചായത്തും ജയിക്കേണ്ടെന്നും ഒരുകാലത്ത് ആരോപണം ഉന്നയിച്ചതിന്റെ പേരിൽ പിന്നൊരിക്കലും മുന്നണിബന്ധം പാടില്ലെന്നത് സ്വീകരിക്കാനാകുന്ന നിലപാടല്ല. അതത് ഘട്ടത്തിൽ രാഷ്‌ട്രീയരംഗത്ത് വരുന്ന മാറ്റമാണ് പരിഗണിക്കുന്നതെന്നും ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു.
പ്രധാന ഘടക കക്ഷികൾ കൊഴിഞ്ഞ യു.ഡി.എഫിന് ഇടതുമുന്നണിയെ നേരിടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് വർഗീയകക്ഷികളുമായുള്ള കൂട്ടുകെട്ടിനിറങ്ങിയതിന്നു അദ്ദേഹം ആരോപിച്ചു. അവസാന തദ്ദേശതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച വിജയം നേടിയപ്പോൾ യു.ഡി.എഫിലായിരുന്ന എൽ.ജെ.ഡി, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് എം എന്നീ പാർടികൾ ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്. ആർ.എസ്.പി ലെനിനിസ്‌റ്റ്, സി.പി.ഐ എം.എൽ, ജെ.എസ്.എസ് തുടങ്ങിയ കക്ഷികളും സഹകരിച്ച് പ്രവർത്തിക്കുന്നു.
നിലവിൽ എൽ.ഡി.എഫിന്റെ രാഷ്‌ട്രീയ ബഹുജന അടിത്തറ ശക്തിപ്പെട്ടു. ഉപാധികളില്ലാതെയാണ് എൽ.ഡി.എഫുമായി സഹകരിക്കുന്നതെന്ന് ജോസ് കെ. മാണിതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കോടിയേരി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം സംബന്ധിച്ചാണ് ഇപ്പോൾ ചർച്ച. ഏപ്രിലിലോ മാർച്ചിലോ ആകും നിയമസഭയിലെ സീറ്റുകളെക്കുറിച്ച് ചർച്ചചെയ്യുക. കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ ഒരിക്കലും എൽഡിഎഫ് ആലോചിച്ചിട്ടില്ലെന്നും ഭാവനാപരമായി നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ഇത്തരം കമന്റുകൾ വരുന്നതാണെന്നും കോടിയേരി പ്രതികരിച്ചു.