വയനാട്ടിലെ തെരുവ് നായ ശല്ല്യം പരിഹരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തുന്നു

വയനാട് ജില്ലയിൽ ഇനി തെരുവ് നായ ശല്ല്യം പരിഹരിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തുന്നു. ആനിമല്‍ ബര്‍ത്ത കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയുടെ ഭാഗമാകായി ഏറ്റെടുക്കുന്ന ഈ ദൗത്യത്തിൽ പരിശീലനം നേടിയ അംഗങ്ങളെയാണ് തെരുവ് നായ്ക്കളെ പിടികൂടാനായി നിയോഗിക്കുന്നത്. ഇവർ ഒരു നായയെ പിടികൂടി എ.ബി.സി യൂണിറ്റിലെത്തിച്ചാല്‍ 2100 രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കേണ്ടത്.

പദ്ധതിക്കായി നഗരസഭകളും പഞ്ചായത്തുകളും കുടുംബശ്രീ ജില്ല മിഷന് തുക നല്‍കിയാല്‍ ഉടന്‍ അതത് തദ്ദേശ സ്വയംഭരണ പരിധിയിലെ തെരുവ് നായ്ക്കളെ കുരുക്കിടാന്‍ കുടുംബശ്രീ അംഗങ്ങളെത്തും. എന്നാൽ 2100 രൂപ ഒരു നായയെ പിടിച്ച് യൂണിറ്റിലെത്തിച്ചാല്‍ മാത്രമെ ലഭിക്കൂ.പ്രവർത്തകരുടെ യാത്രാച്ചെലവ്, ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ ചിലവ്, മരുന്ന്, ഭക്ഷണം തുടങ്ങിയവക്കെല്ലാം ഈ പണം വിനിയോഗിക്കണം.

നിലവിൽ ജില്ലയിലെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിലെ ജില്ല മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലാണ് എ.ബി.സി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിക്കുന്ന നായ്ക്കളെ ഇവിടുത്തെ കൂടുകളില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ച ശേഷമായിരിക്കും വന്ധ്യംകരിക്കുക.

24-Oct-2020