പോലീസ് ആക്ട് ഭേദഗതി മാധ്യമങ്ങൾക്കെതിരായ നീക്കമല്ല: മന്ത്രി എ.കെ ബാലൻ
അഡ്മിൻ
കേരളാ പോലീസ് ആക്ട് ഭേദഗതി മാധ്യമങ്ങൾക്കെതിരായ നീക്കമല്ലെന്ന് സംസ്ഥാന നിയമമന്ത്രി എ. കെ ബാലൻ. വ്യാജവും അപകീർത്തികരവുമായ പ്രചരണം തടയാൻ മാത്രമാണ് ഭേദഗതി. ഇക്കാര്യത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും ഭേദഗതിയിലുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണ്. എവിടെയെങ്കിലും എന്തെങ്കിലും കണ്ടാണ് പ്രതിപക്ഷ നേതാവ് വിമർശനമുന്നയിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.
സോഷ്യല്‍ മീഡിയയിലെ സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ സംസ്ഥാന പോലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതി വഴി മാധ്യമങ്ങളെയും നിയന്ത്രിക്കാനാണ് സർക്കാർ ശ്രമമെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതുവഴി മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനാണ് സർക്കാർ നീക്കമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നായിരുന്നു മുഖ്യമന്ത്രി തന്നെ നടത്തിയ പ്രതികരണം. വ്യാജ വാർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി കൊണ്ട് വന്നത്. പൊലീസ് ആക്ടിൽ 118 എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി.