ഞങ്ങള്‍ ബി.ജെ.പി വിരുദ്ധരാണ്, ദേശദ്രോഹികളല്ല: ഫാറൂഖ് അബ്‍ദുള്ള

ജമ്മു കാശ്മീരില്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ഭരണഘടനയില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്ന സഖ്യത്തിന്റെ നേതാവായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്‍റ്.
"ഞങ്ങളുടെ സഖ്യം ദേശവിരുദ്ധമാണെന്ന പ്രചരണം ബി.ജെ.പി നടത്തുന്നുണ്ട്. എന്നാല്‍ അത് സത്യമല്ല. ഒരു സംശയവും വേണ്ട, സഖ്യം ബി.ജെ.പി വിരുദ്ധമാണ്. പക്ഷേ ദേശവിരുദ്ധമല്ല. സ്വത്വ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്.

ബി.ജെ.പി ഇന്ത്യന്‍ ഭരണഘടന ഇല്ലാതാക്കി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് നോക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 5ന് അവര്‍ എന്താണ് ഭരണഘടനയോട് ചെയ്തത്. ജമ്മുവിലെയും കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടമാണിത്"- ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.

മെഹബൂബ മുഫ്തിയുടെ ശ്രീനഗറിലെ വസതിയിലായിരുന്നു യോഗം നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സി.പി.എം, പീപ്പിള്‍സ് മൂവ്മെന്‍റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ സജ്ജാദ് ലോണെ ആണ് സഖ്യത്തിന്‍റെ വക്താവ്. സി.പി.എം നേതാവ് യൂസുഫ് തരിഗാമി കണ്‍വീനര്‍. ഹസ്നെയിന്‍ മസൂദിയാണ് കോഓര്‍ഡിനേറ്റര്‍.

25-Oct-2020