കുമ്മനത്തിന് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ്: അക്കൗണ്ട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം
അഡ്മിൻ
ബി.ജെ.പിയുടെ മുന്‍ കേരളാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ പരാതിക്കാരന്റെയും ആരോപണം വിധേയരുടെയും അക്കൗണ്ട് വിവരങ്ങള്‍ തേടി അന്വേഷണം സംഘം ബാങ്കുകള്‍ക്ക് കത്തയച്ചു. കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ഐ എന്നീ ബാങ്കുകള്‍ക്കാണ് കത്തയച്ചത്.
പ്രസ്തുത ബാങ്കുകളുടെ അക്കൗണ്ടിലൂടെ ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയന് പണം നല്‍കിയെന്നാണ് പരാതിക്കാരന് ഹരികൃഷ്ണന് നല്‍കിയിട്ടുള്ള മൊഴി.ബാങ്കുകളില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ നാളെ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതോടൊപ്പം തന്നെ പരാതിക്കാരുടെയും ആരോപണ വിധേയരായവരുടെയും ഫോണ്‍ കോള്‍ വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്. പരാതിക്കാരനായ ഹരികൃഷ്ണന്റെ വീടിനു മുന്നില്‍ പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച കുമ്മനം രാജശേഖരനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന് ഹരികൃഷ്ണന് വ്യക്തമാക്കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ സജീവമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഹരികൃഷ്ണന് വ്യക്തമാക്കിയത്.
കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ പി.എ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന് നല്കിയ പരാതിയിലുണ്ടെന്ന് പൊലീസ് പറയുന്നു.