പോലീസ് സംവിധാനത്തിൻ്റെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്ന പദ്ധതികളുമായി സർക്കാർ

കേരളത്തില്‍ പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും വലിയ മുന്നേറ്റമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടും സര്‍ക്കാരിന്റെ നൂറുദിന പദ്ധതികളുടെ ഭാഗമായും ഇന്ന് നിരവധി പുതിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം അറിയിച്ചു.

തൃശൂർ ജില്ലയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം, ആലപ്പുഴ കോട്ടയം എന്നിവിടങ്ങളിലെ ജില്ലാതല പോലീസ് പരിശീലനകേന്ദ്രങ്ങൾ, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നിവിടങ്ങളിലെ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, പോലീസ് ആസ്ഥാനത്തെ ക്രൈം ആൻ്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയിൽവേ പോലീസ് കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂർ സിറ്റി പോലീസ് കോംപ്ളക്സിൻ്റെ നിർമ്മാണോദ്ഘാടനവും ആണ് ഇന്ന് നടക്കുന്നത്.


തൃശൂരിൽ ആരംഭിക്കുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തിൻ്റെ ചിലവ് 94 ലക്ഷം രൂപയാണ്. ഒരേ സമയം അറുപതിലധികം പേർക്ക് പങ്കെടുക്കാവുന്ന പരിശീലന കേന്ദ്രങ്ങളും മികച്ച സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. 240 ലക്ഷം രൂപയാണ് പരിശീലന കേന്ദ്രങ്ങളുടെ നിർമ്മാണച്ചെലവ്. 34500 ചതുരശ്ര അടിയിൽ 9 കോടി രൂപ ചിലവിൽ ആണ് കണ്ണൂർ പോലീസ് ആസ്ഥാനത്തിൻ്റെ നിർമ്മാണം നടക്കാൻ പോകുന്നത്. അടിസ്ഥാനസൗകര്യങ്ങളിലും സാങ്കേതികമേഖലയിലുമുള്ള ഈ വികസനം പോലീസ് സംവിധാനത്തിൻ്റെ പ്രവർത്തന മികവ് വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.

26-Oct-2020