കോണ്‍ഗ്രസ്സ് കാണിച്ച നിഷേധ നിലപാടല്ല ഇടതുപക്ഷത്തിനുള്ളത്
അഡ്മിൻ
മുന്നോക്ക സമുദായത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ നിലപാടിൽ അഭിപ്രായം വ്യക്തമാക്കി സി.പി.എം നേതാവ് പി.ജയരാജൻ. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ പഠിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി കാക്കാ കലേല്‍ക്കര്‍ കമ്മീഷനെയാണ് നിയോഗിക്കുന്നത്. 1953 ല്‍ നിയോഗിച്ച കമ്മീഷന്‍ 2 വര്‍ഷം കൊണ്ട് അതിന്‍റെ റിപ്പോര്‍ട്ട് കേന്ദ്രഗവണ്‍മെന്‍റിന് നല്‍കി. എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്‍റ് തുടര്‍ നടപടികള്‍ യാതൊന്നും സ്വീകരിച്ചില്ല. 24 വര്‍ഷം പിന്നിട്ടപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് ഭരണം അവസാനിച്ചു.
പിന്നീട് അധികാരത്തില്‍ വന്ന ജനതാ ഗവണ്‍മെന്‍റാണ് 1979 ജനുവരി 1 ന് മണ്ഢല്‍ കമ്മീഷനെ നിയോഗിക്കുന്നത്. കമ്മീഷന്‍ അതിന്‍റെ റിപ്പോര്‍ട്ട് 1983 ല്‍ കേന്ദ്ര ഗവണ്‍മെന്‍റിന് സമര്‍പ്പിച്ചു. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും പൊടിപിടിച്ചുകിടന്നു. 7 വര്‍ഷത്തിന് ശേഷം 1990 ല്‍ അധികാരത്തില്‍ വന്ന വി.പി.സിംഗ് ഗവണ്‍മെന്‍റാണ് മണ്ഢല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. രാജ്യവ്യാപകമായി മുസ്ലീങ്ങളടക്കമുള്ള ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള ജോലി സംവരണ പ്രശ്നം ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടത് അക്കാലത്താണ്. സംവരണ വിരുദ്ധ പ്രക്ഷോഭം ഉത്തരേന്ത്യയിലെ തെരുവുകലാപമായി വളര്‍ന്നതും ഇക്കാലത്താണ്. ഈ കലാപങ്ങളില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്.
ഈ കലാപങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്‍റെയും വിദ്യാര്‍ത്ഥി സംഘടനകളായിരുന്നു.
ഇത്രയും പറയേണ്ടി വന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രനിയമം കേരളത്തില്‍ നടപ്പാക്കുന്നതിന് തീരുമാനമെടുത്തതിനെ തുടര്‍ന്ന് ലീഗും മറ്റും പ്രക്ഷോഭത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതിനാലാണ്. ഒരു മത സംഘടനയുടെ പത്രം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാടിന് പിന്നില്‍ അധികാരത്തിലിരിക്കുന്നവരുടെ സവര്‍ണ്ണ മനസ്സാണെന്ന് കുറ്റപ്പെടുത്തുന്നു.
പിന്നാക്ക വിഭാഗങ്ങളുടെ സംവരണ പ്രശ്നത്തില്‍ കോണ്‍ഗ്രസ്സ് കാണിച്ച നിഷേധ നിലപാടല്ല ഇടതുപക്ഷത്തിനുള്ളത്. ചരിത്രത്തില്‍ ഒരുകാലത്ത് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അവസര സമത്വം നല്‍കുന്നതിനാണ് സംവരണം ഏര്‍പ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംവരണ സമുദായങ്ങളുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക ജിവിതത്തില്‍ കുറെയേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ സമരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. കാരണം അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വര്‍ഗ്ഗ രാഷ്ട്രീയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നത്.
ഇടതുപക്ഷത്തിന്, സംവരണം സംബന്ധിച്ച് കൃത്യമായ നിലപാടുണ്ട്. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം അതേപടി തുടരണം. അതേസമയം മറ്റ് പിന്നോക്ക ജാതികള്‍ക്ക് മണ്ഢല്‍ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ച് 27 ശതമാനം സംവരണം നടപ്പാക്കണം. അതേസമയം അത് ഈ സമുദായങ്ങളിലെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് ലഭ്യമാവുകയും വേണം. ബീഹാറില്‍ ഒ.ബി.സി വിഭാഗത്തില്‍ തന്നെ ഏറ്റവും പിന്നോക്കം, പിന്നോക്കം എന്നിങ്ങനെ വേര്‍തിരിക്കുകയുണ്ടായി.
ഇങ്ങനെ മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ സമ്പന്നര്‍ തൊഴിലവസരങ്ങളും മറ്റും തട്ടിയെടുക്കുകയും അതത് സമുദായങ്ങളിലെ പാവങ്ങള്‍ക്ക് അവസരങ്ങള്‍ ലഭ്യമാവാതിരിക്കുകയും ചെയ്യുന്ന നിലപാട് ഉണ്ടായിക്കൂട. അങ്ങനെയാണ് ക്രിമിലയര്‍ വ്യവസ്ഥ വന്നത്. അതോടൊപ്പം ഒരു കാലത്ത് സാമ്പത്തികമായി മുന്നില്‍ നിന്നിരുന്ന മുന്നോക്ക ജാതികളില്‍ത്തന്നെ മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി പാപ്പരീകരണം സംഭവിച്ചിട്ടുണ്ട്. അങ്ങനെ പാപ്പരായ മുന്നോക്ക ജാതികളിലെ പാവപ്പെട്ടവര്‍ക്ക്, 10 ശതമാനം സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രനിയമമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ഈ നിയമത്തെ അനുകൂലിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്സെന്ന് ലീഗ് നേതൃത്വം മറക്കേണ്ട.
കാക്കാ കലേല്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വയ്ക്കുകയും മണ്ഢല്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാതിരിക്കുകയും ചെയ്ത കോണ്‍ഗ്രസ്സിന്‍റെ വാലായാണ് ലീഗ് ഇപ്പോഴും തുടരുന്നത്. കോണ്‍ഗ്രസ്സ് ഭരിച്ച മധ്യപ്രദേശില്‍ മുസ്ലീങ്ങളടക്കമുള്ള ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഇപ്പോഴും 14 ശതമാനം മാത്രമാണ് സംവരണം. മണ്ഢല്‍ ശുപാര്‍ശ നടപ്പാക്കുന്നതിന് 29 വര്‍ഷമായും തയ്യാറാവാത്ത കോണ്‍ഗ്രസ്സ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അവിടെ ഒരു നിയമം പാസ്സാക്കിയത്. അതാവട്ടെ കോടതി തടയുകയും ചെയ്തു. സംവരണ പ്രശ്നത്തില്‍ ആത്മാര്‍ത്ഥത കാണിക്കാത്ത കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാന്‍ പോലും നാവ് പൊന്താത്ത കുഞ്ഞാലിക്കുട്ടിയും കൂട്ടരുമാണ് ഇടതുപക്ഷ സര്‍ക്കാരിനെതിരായി സമരം നടത്താന്‍ തയ്യാറാവുന്നത്.
ഇനി രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സ്ഥിതി സംബന്ധിച്ച് അന്വേഷിച്ച രജീന്ദര്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരിശോധിച്ചാലും കുഞ്ഞാലിക്കുട്ടിയും ലീഗുകാരും കേരളത്തിലല്ല സമരം നടത്തേണ്ടതെന്ന് വ്യക്തമാകും. കേരളത്തില്‍ ഒ.ബി.സി ക്വാട്ടയില്‍ നിന്ന് 12 ശതമാനം മുസ്ലീംങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഒരു സംസ്ഥാനത്തും മുസ്ലീംങ്ങള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്ന് 2006 ല്‍ കേന്ദ്ര ഗവണ്‍മെന്‍റിന് സമര്‍പ്പിച്ച സച്ചാര്‍ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ എടുത്തു പറയുന്നു. കേരളത്തില്‍ ക്രിമിലയര്‍ ഒഴികെയുള്ള മുസ്ലീം സമുദായത്തിലെ എല്ലാവര്‍ക്കും സംവരണം നടപ്പിലാക്കിയത് മാതൃകാപരമെന്ന് കമ്മീഷന്‍ വിശേഷിപ്പിക്കുന്നുമുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ ജോലികളില്‍ സംവരണ സമുദായങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പ്രാതിനിധ്യം പരിശോധിക്കുന്നതിന് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചത് ഇടതുപക്ഷ ഗവണ്‍മെന്‍റാണ്. ലീഗിന് കൂടി പങ്കാളിത്തമുള്ള കേരളത്തിലെ യു.ഡി.എഫ് ഗവണ്‍മെന്‍റുകള്‍ അധികാരത്തിലിരുന്നിട്ടും മുസ്ലീംങ്ങളടക്കമുള്ളവരുടെ സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ എന്തുചെയ്തു?.
പിന്നീട് കമ്മീഷന്‍ അതിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എ.കെ ആന്‍റണി അധികാരത്തില്‍ വന്നപ്പോഴാണ്. ആന്‍റണി ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ ഫലപ്രദമായ യാതൊരു നടപടിയും കൈക്കൊണ്ടില്ല. സംവരണ സമുദായങ്ങളില്‍ ചിലതിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ പര്യാപ്തമായ പ്രാതിനിധ്യം ഇല്ലെന്നത് പരിഹരിക്കണം എന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള ബേക്ക്ലോഗ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുമുണ്ട്. ഇത് മുസ്ലീം വിഭാഗങ്ങള്‍ക്കുകൂടി ബാധകമാണ്.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിന് വി.എസ്സ് ഗവണ്‍മെന്‍റാണ് നടപടികള്‍ കൈക്കൊണ്ടത്. തുടര്‍ന്നുവന്ന യു.ഡി.എഫ് ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തിരുന്നില്ലെന്നുകൂടി മനസ്സിലാക്കണം. വി.എസ്സ് ഗവണ്‍മെന്‍റില്‍ മന്ത്രിയായിരുന്ന സ.പാലോളി അദ്ധ്യക്ഷനായ സമിതിയാണ് സച്ചാര്‍ സമിതി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയത്. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കപ്പെട്ടത് ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. കമ്മീഷന്‍റെ പ്രധാന ശുപാര്‍ശകളിലൊന്ന് സ്വകാര്യമേഖലകളിലും സംവരണം നടപ്പാക്കണമെന്നാണ്. അതോടൊപ്പം ഗവണ്‍മെന്‍റ് ജീവനക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തിലും സംവരണ അടിസ്ഥാനത്തിലും ജോലി ലഭിച്ചവരെ വേര്‍തിരിച്ചാല്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണത്തിന്‍റെ ഭാഗമായുള്ള പ്രാതിനിധ്യത്തിലുള്ള കുറവ് പരിഹരിക്കാന്‍ കഴിയും എന്നും സമിതി ശുപാര്‍ശ ചെയ്തു.
മുസ്ലീംങ്ങളടക്കമുള്ള പിന്നോക്ക സമുദായങ്ങള്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായും ഫലപ്രദമായും നടപടി കൈക്കൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാരിനെതാരായാണ് ലീഗിന്‍റെ നീക്കം. അഖിലേന്ത്യാ തലത്തിലും കേരളത്തിലും പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ്സ് എന്തുചെയ്തു എന്നുകൂടി ലീഗ് വ്യക്തമാക്കണം .
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ളവര്‍ക്ക് നല്‍കുന്ന സംവരണം ഒ.ബി.സി വിഭാഗങ്ങളിലുള്ളവരെ ഒരുതരത്തിലും ബാധിക്കാന്‍ പോകുന്നില്ല. അതേസമയം കേന്ദ്ര സര്‍ക്കാരിലും കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലും 8 ലക്ഷം ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. നിയമന നിരോധനമാണ് കേന്ദ്രഗവണ്‍മെന്‍റ് നടപ്പിലാക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വാകാര്യവത്കരിക്കുന്നതിന്‍റെ ഫലമായി സംവരണ സമുദായങ്ങള്‍ക്കടക്കം നഷ്ടപ്പെടുന്ന തൊഴിലവസരങ്ങളെക്കുറിച്ചാണ് ഉത്കണ്ഠയുണ്ടാവേണ്ടത്.
കേന്ദ്ര ബി.ജെ.പി ഗവണ്‍മെന്‍റിനെതിരായാണ് ഇക്കാര്യത്തില്‍ സമരം ചെയ്യേണ്ടത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് മുസ്ലീം ന്യൂനപക്ഷത്തിന് സംവരണാനുകൂല്യം നഷ്ടപ്പെടുന്നെന്ന് നിലവിളിച്ച് മതവികാരം ഇടതുപക്ഷ ഗവണ്‍മെന്‍റിനെതിരായി തിരിക്കുവാനുള്ള ലീഗ് ശ്രമം വിജയിക്കില്ല. ഇക്കാര്യത്തില്‍ ലീഗിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഒ.ബി.സി ക്ക് 27 ശതമാനം സംവരണം പോലും നടപ്പാക്കാത്ത മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ബന്ധം ലീഗ് ഉപേക്ഷിക്കുകയാണ് വേണ്ടത്.
26-Oct-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ