സംസ്ഥാനത്ത് സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ
അഡ്മിൻ
അനുമതിയില്ലാതെ അന്വേഷണം ഏറ്റെടുക്കുന്നതില്‍ നിന്നും കേരളത്തില്‍ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യുറോ. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിരുന്ന പൊതുസമ്മതം എടുത്ത് കളയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണക്കുകയും കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.
ഈ കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ചര്‍ച്ച ആവശ്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.കേരളത്തില്‍ കേസുകള്‍ ഏറ്റെടുക്കുന്നതിന് സി.ബി.ഐക്ക് നല്കിയ പൊതുസമ്മതം റദ്ദാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. അങ്ങിനെ ചെയ്യുന്നതില്‍ തടസമില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എമ്മിന്റെ തീരുമാനത്തെ സി.പി.ഐയും പിന്തുണച്ചിട്ടുണ്ട്.
രാജ്യത്ത് ഇപ്പോള്‍ ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലാണ് സി.ബി.ഐയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഖഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ സി.ബി.ഐയ്ക്ക് ഇപ്പോള്‍തന്നെ പൊതുസമ്മതം ഇല്ല. കേരളവും പൊതുസമ്മതം എടുത്ത് കളയുന്നതോടെ കേസുകള്‍ സി.ബി.ഐയ്ക്ക് നേരിട്ട് ഏറ്റെടുക്കാനാവില്ല. സംസ്ഥാനത്തിന്റെ അനുമതി തേടേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചാല്‍ സി.ബി.ഐ കോടതിയെ സമീപിക്കണം.